CrimeNEWS

നെടുമ്പാശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊന്നത്? 2 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ വാഹനമിടിച്ചു മരിച്ച സംഭവത്തില്‍ രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അങ്കമാലി തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (25) മരിച്ചതില്‍ സിഐഎസ്എഫ് എസ്‌ഐ വിനയകുമാര്‍ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലത്തുവച്ച് നാട്ടുകാരുടെ മര്‍ദനമേറ്റ വിനയകുമാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട മോഹനെ വിമാനത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടി.

Signature-ad

നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന് അടുത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ ഐവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഐവിന്‍ മരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മനഃപൂര്‍വം വാഹനം ഇടിച്ചതിന്റെ സൂചന ലഭിച്ചത്. ഐവിന്‍ ഹോട്ടലിലെ ഷെഫാണ്. അപകടത്തിനു മുന്‍പ് ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു.

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇതിനെ തുടര്‍ന്ന് യുവാവ് കാറിന്റെ മുന്നില്‍ കയറി നിന്നു. യുവാവിനെ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് കാറുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കടന്നുകളയുകയായിരുന്നു. കുറേദൂരം യുവാവ് കാറിന്റെ ബോണറ്റില്‍ തങ്ങിക്കിടന്നിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ബോണറ്റില്‍ നിന്ന് താഴേക്ക് വീണ ഐവിനെ നിരക്കിക്കൊണ്ട് കാര്‍ ഓടിച്ചിരുന്നതായും വിവരമുണ്ട്. ആശുപത്രിയിലെത്തിക്കുന്നതിനുമുന്‍പ് തന്നെ യുവാവ് മരിച്ചിരുന്നതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

വിമാനങ്ങളിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ഐവിന്‍. സംഭവം നടന്ന സ്ഥലത്തിനുസമീപത്തുള്ള ഗ്രൗണ്ടില്‍ കളിച്ചശേഷം ബൈക്കിനുസമീപത്തേക്ക് വന്ന സമയത്താണ് വാക്കുതര്‍ക്കമുണ്ടായത്. വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഐവിന്‍ ഫോണില്‍ പകര്‍ത്തിയതായാണ് വിവരം.

 

 

 

Back to top button
error: