പാകിസ്താന്റെ ഷെല്‍വര്‍ഷം കശ്മീരിനു പുല്ലാണ്! അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചത് 2000 കുടുംബ ബങ്കറുകള്‍; ആധുനിക സംവിധാനങ്ങളുമായി 600 ബങ്കറുകള്‍ ഉടന്‍; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഏഴുവര്‍ഷത്തിനിടയിലെ തന്ത്രപ്രധാന നടപടികളും ചര്‍ച്ചയാകുന്നു

ജമ്മു: കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നിര്‍മിച്ചത് 2000ല്‍ അധികം കുടുംബ ബങ്കറുകള്‍. ഇതിന്റെ പ്രയോജനം മനസിലായത് ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയാണ്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചതോടെയാണു ബങ്കറുകളുടെ കഥ പുറംലോകത്തേക്കു വ്യാപകമായി പ്രചരിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ 600 ബങ്കറുകള്‍ കൂടി നിര്‍മ്മിക്കുമെന്നും ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബങ്കറുകളുടെ സ്ഥാനം രഹസ്യാത്മകമായി നിലനിര്‍ത്തുകയാണു പതിവ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റയുടനെ എംപിയെന്ന നിലയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടുംബ ബങ്കറുകള്‍ പരീക്ഷിച്ച രാജ്യത്തെ ആദ്യത്തെ ജില്ലയാണ് കത്വ എന്ന് ഡോ. സിംഗ് പറഞ്ഞു. അതിനുശേഷം, അതിര്‍ത്തി പ്രദേശങ്ങളില്‍ 2,000-ത്തിലധികം അത്തരം ബങ്കറുകള്‍ നിര്‍മിച്ചു. കൂടുതല്‍ ബങ്കറുകള്‍ വേണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടര്‍ന്ന്, ഭരണകൂടവുമായി കൂടിയാലോചിക്കുകയും 600 അധിക കുടുംബ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ നല്‍കുകയും ആവശ്യമെങ്കില്‍ പിന്നീട് കൂടുതല്‍ നല്‍കുകയും ചെയ്യുമെന്ന് ഡോ. സിംഗ് പറഞ്ഞു.

സൈറണ്‍ വേണ്ടത്ര കേള്‍ക്കുന്നില്ലെന്ന പൗരന്മാരുടെ പരാതികള്‍ക്ക് മറുപടിയായി, മാനുവല്‍ പ്രവര്‍ത്തിപ്പിക്കുന്ന സൈറണുകള്‍ക്ക് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതായി ഡോ. സിംഗ് പറഞ്ഞു. ‘ജില്ലാ ആസ്ഥാനത്ത് നിന്ന് നിയന്ത്രിക്കുന്ന ഒരു ഓട്ടോമേറ്റഡ്, കേന്ദ്രീകൃത സൈറണ്‍ സംവിധാനം സ്ഥാപിക്കും. ഇത് സ്വയമേവ പ്രവര്‍ത്തിക്കാന്‍ തുടങ്ങും, ഓരോ അതിര്‍ത്തി ഗ്രാമത്തിലും സജ്ജീകരിച്ചിരിക്കുന്ന സ്പീക്കറുകള്‍ വഴി സൈറണ്‍ മുഴക്കും,’ അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം, അതിര്‍ത്തി നിവാസികളുടെ സൗകര്യാര്‍ത്ഥം കത്വ ജില്ലയ്ക്ക് 39 മെഡിക്കല്‍ ആംബുലന്‍സുകള്‍ നല്‍കി, ജിഎംസി കത്വയില്‍ രണ്ട് ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സുകള്‍ കൂടി ലഭ്യമാക്കി. സന്ദര്‍ശന വേളയില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് മിന്‍ഹാസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി ഡോ. സിംഗ് നിരവധി യോഗങ്ങള്‍ നടത്തി. എംഎല്‍എമാരും ഡിഡിസി അംഗങ്ങളും ഉള്‍പ്പെടെയുള്ള പൊതു പ്രതിനിധികള്‍ പങ്കെടുത്തു. തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരെയും മന്ത്രി സന്ദര്‍ശിച്ചു.
2021 വരെ ഇന്ത്യ 8000 ബങ്കറുകളെങ്കിലും ജമ്മു, കത്തുവ, സാംബ, പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി നിര്‍മിച്ചിട്ടുണ്ട്. ഇവയിലേറെയും ‘ഫാമിലി ബങ്കറു’കളല്ല. ആകെ 14,460 ബങ്കറുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. കൂടുതല്‍ പ്രശ്‌നബാധിത മേഖകളില്‍ നാലായിരം ബങ്കറുകള്‍ വികസിപ്പിക്കാനും മോദി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.