‘ജനിച്ചുപോയതില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലം’: യുക്രൈന്‍ യുദ്ധത്തിന്റെ മറവില്‍ റഷ്യയുടെ രഹസ്യ കൊലമുറികള്‍; തടവുകാരെ പീഡിപ്പിക്കാന്‍ പ്രത്യേകം സെല്ലുകള്‍; കടിച്ചുകീറാന്‍ നായ്ക്കള്‍; ടാഗര്‍റോഗ് എന്ന ‘ഗ്വാണ്ടനാമോ’; വിക്‌ടോറിയ പ്രോജക്ട് പുറത്തെത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മോസ്‌കോ: കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് എന്ന നഗരത്തില്‍ അധ്യാപികയും അടുത്തിടെ വിരമിച്ച ഉക്രേനിയന്‍ സര്‍വീസ് അംഗവുമായ യെലിസവേറ്റ ഷൈലിക്കിനെ റഷ്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ‘റഷ്യന്‍ ജയില്‍ ക്യാമ്പിലേക്ക് അയയ്ക്കു’മെന്നായിരുന്നു ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചത്. റഷ്യന്‍ നഗരമായ റോസ്‌തോവിനടുത്തുള്ള തടങ്കല്‍ കേന്ദ്രമായ ‘ടാഗര്‍റോഗ്’ എന്ന ജയിലിലേക്ക് അയയ്ക്കുമെന്നായിരുന്നു ഭീഷണി. അതില്‍തന്നെ സിസോ-2 എന്ന സെല്ലുകള്‍ ഏറെ കുപ്രസിദ്ധമാണ്. ‘ചോദ്യം ചെയ്യലില്‍ പരാജയപ്പെട്ടാല്‍ ജനിച്ചുപോയതിന്റെ പേരില്‍ ഖേദിക്കാന്‍ ഇടയുള്ള സ്ഥലത്തേക്ക് അയയ്ക്കുമെന്ന്’ അവര്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലാക്കാന്‍ അവിടെയെത്തേണ്ടിവന്നു ഷൈലിക്കിന്.

ടാഗന്റോഗില്‍നിന്ന് മോചിപ്പിക്കപ്പെട്ട ഒരു ഡസനോളം തടവുകാരില്‍ ഒരാളാണ് ഷൈലിക്. വിക്ടോറിയ പ്രോജക്ട് എന്ന പേരില്‍ രാജ്യാന്തര മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണു റഷ്യന്‍ സൈനിക തടവിലെ ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഉക്രേനിയന്‍ മാധ്യമപ്രവര്‍ത്തകയായ വിക്‌ടോറിയ റോഷ്ചിന 2024 സെപ്റ്റംബറില്‍ മരിക്കുന്നതിനു മുമ്പ് ‘റഷ്യയുടെ ഗ്വാണ്ടനാമോ’ എന്നറിയപ്പെടുന്ന ഈ ജയിലില്‍ ഒമ്പതുമാസമാണു കഴിഞ്ഞത്. ഇവര്‍ക്കു റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണു മാധ്യമപ്രവര്‍ത്തകര്‍ ഇവിടുത്തെ പത്തു മുന്‍ തടവുകാരെ അഭിമുഖം നടത്തിയത്. ഇവരുമായി സംസാരിച്ച് ജയിലിന്റെ ത്രിമാന ചിത്രം വരയ്ക്കാനും കഴിഞ്ഞു. ചെല്ലുമ്പോഴുള്ള ‘നടയടി’ മുതല്‍ പീഡനങ്ങളടെ ലോകം ജയിലിലെത്തിയാല്‍ തുറക്കും. തല്ലില്‍ തുടങ്ങി ജയിലിന്റെ ബേസ്‌മെന്റിലെ ഇലക്ട്രിക് കസേരവരെ വിവിധ പീഡനമുറകള്‍.
2022 ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നില്‍ പൂര്‍ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യന്‍ ഫെഡറേഷനിലും അധിനിവേശ പ്രദേശങ്ങളിലും ഇത്തരം കേന്ദ്രങ്ങള്‍ നടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തിയത്. ലൈംഗിക അപമാനം, കഠിനമായ മര്‍ദനങ്ങള്‍ എന്നിവ ഉള്‍പ്പെടെ റഷ്യന്‍ ഫെഡറേഷന്‍ തടവിലാക്കിയ ഉക്രേനിയന്‍ സിവിലിയന്‍ തടവുകാരെയും യുദ്ധത്തടവുകാരെയും വന്‍ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് ഉക്രെയ്‌നിലെ യുഎന്‍ മോണിറ്ററിംഗ് മിഷന്റെ മേധാവിയായ ഡാനിയേല്‍ ബെല്‍ പറഞ്ഞു.
ഈ സ്ഥലങ്ങളില്‍ ഏറ്റവും മോശം സ്ഥലങ്ങളിലൊന്നായ ടാഗന്റോഗിലെ സിസോ-2 ലെ തടവുകാര്‍ സ്വന്തം വാക്കുകളില്‍ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞു.
ദിമിട്രോ മോസ്‌കാവ (യുദ്ധത്തടവുകാരന്‍, ടാഗന്റോഗില്‍ ഒന്നര മാസം തടവില്‍): ഞങ്ങളെ ഒരു സാധാരണ കാര്‍ഗോ ട്രക്കിലാണ് കൊണ്ടുവന്നത്. ഞങ്ങള്‍ ടാഗന്റോഗിലേക്ക് വന്നതാണെന്ന് മനസിലായി. വസ്ത്രത്തിലോ പുതപ്പിലോ എഴുതിയിട്ടുണ്ടെന്നാണ് ഓര്‍മ. അവിടെ നായ്ക്കളുണ്ടായിരുന്നു. ‘വേശ്യകള്‍’ എന്നാണു ഞങ്ങളെ വിശേഷിപ്പിച്ചത്. അതിനുശേഷം മര്‍ദനങ്ങളുടെ പരമ്പര.
ജൂലിയന്‍ പൈലിപേയ് (യുദ്ധത്തടവുകാരന്‍, ടാഗന്റോഗില്‍ ഒരു മാസം തടവില്‍): കഠിനമായ സ്വീകരണമായിരുന്നു ജയിലില്‍. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നു പലര്‍ക്കും പിറ്റേന്നു പ്രഭാതം കാണാന്‍ കഴിഞ്ഞില്ല.
യെലിസവേറ്റ ഷൈലിക് (സിവിലിയന്‍, ഐഡാര്‍ ബറ്റാലിയനില്‍ നിന്നുള്ള മുന്‍ സൈനികന്‍, ടാഗന്റോഗില്‍ ആറ് മാസം തടവില്‍): അവര്‍ എന്നോട് പറഞ്ഞു: ‘തയ്യാറാകൂ, ജീവിതത്തിന്റെ എല്ലാ ആനന്ദങ്ങളും ഞങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. അവര്‍ എന്നെ ഒരു ഇടനാഴിയിലൂടെ കൊണ്ടുപോയി, അവിടെ എനിക്ക് വാരിയെല്ലുകള്‍ക്ക് താഴെ ഇടിച്ചു. എന്റെ പുറം, കാലുകള്‍, തോളെല്ലുകള്‍, കൈകള്‍ എന്നിവിടങ്ങളില്‍ ഒരു ലോഹവടി കൊണ്ട് അടിച്ചു. വൈദ്യുതാഘാതമേല്‍പ്പിച്ചു. നായ്ക്കള്‍ എന്നെ ആക്രമിച്ചു. പുരുഷന്മാര്‍ എന്നോട് ആക്രോശിച്ചു: ‘മറ്റൊരു ഉക്രേനിയന്‍ വേശ്യയെ കൊണ്ടുവന്നു, ഞങ്ങള്‍ അവളെ ഭോഗിക്കാന്‍ പോകുന്നു.’
ദിമിട്രോ: ആദ്യ ദിവസംതന്നെ ആറുമണിക്കൂര്‍ പീഡനമായിരുന്നു. നായ്ക്കളുടെ കുരയും നിലവിളികളും മാത്രമാണു കേട്ടത്. എന്റെ തൊട്ടടുത്തുനിന്ന സുഹൃത്തിനെ മാരകമായി പീഡിപ്പിച്ചു. അടുത്ത ഊഴം എന്റേതാണെന്നു മനസിലായി. തലയിലൊഴികെ മറ്റെല്ലായിടത്തും ബാറ്റണ്‍കൊണ്ട് അടിച്ചു.

ദൈനംദിന ജീവിതം
വോളോഡിമിര്‍ ലബുസോവ് (ടാഗന്റോഗില്‍ മൂന്ന് മാസം തടവില്‍ കഴിഞ്ഞ യുക്രൈന്‍ സൈനികന്‍): ഞാന്‍ ഉണ്ടായിരുന്ന നാല് സെല്ലുകളിലും പുടിന്റെ ഒരു ഛായാചിത്രം ഉണ്ടായിരുന്നു.
സെര്‍ജി (യുദ്ധത്തടവുകാരന്‍. ടാഗന്റോഗില്‍ രണ്ടുതവണ തടവില്‍ കഴിഞ്ഞു): ഞങ്ങള്‍ക്ക് ഉക്രേനിയന്‍ സംസാരിക്കാന്‍ അനുവാദമില്ലായിരുന്നു. റഷ്യന്‍ മാത്രം. നിങ്ങള്‍ ഉക്രേനിയന്‍ സംസാരിക്കുന്നത് കേട്ടാല്‍ അവര്‍ നിങ്ങളെ അടിക്കും.
വലേറിയ സുബോട്ടിന (ടാഗന്റോഗില്‍ ഏഴ് മാസം തടവില്‍ കഴിഞ്ഞ അസോവ് ബറ്റാലിയനില്‍ നിന്നുള്ള പോരാളി): രാവിലെ 7:00 അല്ലെങ്കില്‍ 7:30ന് പരിശോധന ഉണ്ടായിരുന്നു. അവര്‍ നിങ്ങളെ മുറിയില്‍ നിന്ന് പുറത്താക്കും. പിന്നീടു മര്‍ദിക്കും. പലപ്പോഴും കാല്‍പിളര്‍ത്തി നിലത്തിരിക്കാന്‍ ആവശ്യപ്പെടും. പലര്‍ക്കും അതിനു കഴിയാറില്ലായിരുന്നു. പക്ഷേ, നിലത്ത് ഇരിക്കുന്നതുവരെ അവര്‍ മര്‍ദനം തുടരും.
ഷൈലിക്ക്: അവര്‍ നിങ്ങളെ നക്ഷത്ര പോസില്‍ ഇരുത്തി, കൈകള്‍ വശങ്ങളില്‍ വെച്ച്, കൈപ്പത്തികള്‍ ഉയര്‍ത്തി, മുകളിലേക്ക് നോക്കാതെ, കാലുകള്‍ വിരിച്ച് ധനക്ഷത്ര പോസില്‍ തിരിഞ്ഞു നോക്കണം.
ആന്‍ഡ്രി: (സൈനികന്‍, ടാഗന്റോഗില്‍ 7 മാസം തടവില്‍ കഴിഞ്ഞു): ഈ പരിശോധനകളില്ലാതെ ഞങ്ങള്‍ക്ക് ഒരു ദിവസം ഉണ്ടെങ്കില്‍, അത് ഞങ്ങള്‍ക്ക് ഒരു അവധിക്കാലമായി കണക്കാക്കി.
എസ്: അവര്‍ ഒരു കാരണവുമില്ലാതെ ഞങ്ങളെ അടിച്ചു. സെല്ലില്‍ ഒരു വീഡിയോ നിരീക്ഷണ ക്യാമറ ഉണ്ടായിരുന്നു. അവര്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. നിങ്ങള്‍ പുഞ്ചിരിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍, അതും മര്‍ദനത്തിനു കാരണമാകും.
ജെപി: അവിടെ വരുന്ന റഷ്യക്കാര്‍ ടാഗന്റോഗില്‍ നിന്നുള്ളവരല്ല. അവര്‍ റഷ്യയില്‍ നിന്നാണ് വരുന്നത്. അവര്‍ അവിടെ ഒരു മാസം ജോലി ചെയ്യുന്നു, പിന്നീടു പുതിയവര്‍ വരുന്നു.
വൈഎസ്: അവര്‍ നിങ്ങളുടെ ചെവിയില്‍ നിരന്തരം ആക്രോശിക്കും: ക്രിമിയ ആരുടെതാണ്? ക്രിമിയ ഉക്രെയ്‌നിന്റെ ഭാഗമാണെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് നാലുകാലില്‍ സെല്ലിലേക്ക് മടങ്ങാം.
വിഎസ്: ചിലപ്പോള്‍ അവര്‍ നിങ്ങളുമായി സാധാരണ സംസാരിക്കുന്ന ഒരാളെ കൊണ്ടുവരും. തുടര്‍ന്ന് ശാരീരിക ബലപ്രയോഗം നടത്തുന്ന ഒരാളെ കൊണ്ടുവരും. റഷ്യന്‍ ചാരസംഘടനയായ കെജിബിയുടെ രീതികളാണ് അവര്‍ ആവര്‍ത്തിച്ചത്. കെജിബിയുടെ പ്രവര്‍ത്തനം പുസ്തകങ്ങളില്‍ വായിക്കാന്‍ കഴിയും.
പീഡനം
മൈഖെയ്‌ലോ ചാപ്ല (സൈനികന്‍, ടാഗന്റോഗില്‍ 22 മാസം തടവില്‍): ഒരിക്കല്‍ കുളിക്കുമ്പോഴാണ് എന്നെ വൈദ്യുതാഘാതം ഏല്‍പ്പിച്ചത്. ശരീരത്തില്‍ നനവില്ലെങ്കില്‍ വൈദ്യുതി പ്രവഹിക്കുന്ന ഒരു സ്‌പോട്ട് മാത്രമാണുണ്ടാകുക. പക്ഷേ, മറിച്ചാണെങ്കില്‍ ശരീരം മുഴുവന്‍ നരകമാണ്.
എ: ഇടനാഴിയില്‍, അവര്‍ നിങ്ങളെ കൈകള്‍ വിലങ്ങിട്ട് ഒരു തിരശ്ചീന ബാറില്‍ തൂക്കിയിടും. റഷ്യന്‍ പോലീസ് സേവനത്തിലെ അന്വേഷകരുടെയും ഓപ്പറേറ്റീവുകളുടെയും പതിവ് രീതി അതാണ്. ദിവസം രണ്ടുതവണ ഈ പരിശോധനകള്‍ ഉണ്ട്. പീഡനവും ഇവിടെ അരങ്ങേറും.
വിഎല്‍: അവര്‍ ബോയിലര്‍ റൂം ഒരു പീഡന മുറിയായി ഉപയോഗിച്ചു. അതില്‍ ഞാന്‍ മാത്രമായിരുന്നില്ല.
എസ്: ഞങ്ങളെ 10 മുതല്‍ 15 മിനിറ്റ് വരെ തൂക്കിലേറ്റിയ മറ്റൊരു മുറിയുണ്ട്. നിങ്ങള്‍ തൂങ്ങിക്കിടക്കുകയാണ്. അഞ്ച് പോയിന്റുകളില്‍ അടിക്കും. ഒന്നും ചെയ്യാന്‍ കഴിയില്ല, നിങ്ങളുടെ കൈകള്‍ വിലങ്ങിലാണ്; നിങ്ങളുടെ കാലുകള്‍, നിങ്ങള്‍ക്ക് അവ അനക്കാന്‍ പോലും കഴിയില്ല.
ഷൈലിക്ക്: നിങ്ങളുടെ വിരലുകളില്‍ ഒരു ബോര്‍ഡ് വച്ച് അവര്‍ക്ക് നിങ്ങളെ അടിക്കാന്‍ കഴിയും. അവര്‍ക്ക് നിങ്ങളെ മുക്കിക്കൊല്ലാന്‍ കഴിയും. 380 വോള്‍ട്ട് വോള്‍ട്ടേജുള്ള ഒരു ഇലക്ട്രിക് കസേരയില്‍ എന്നെ രണ്ടുതവണ കിടത്തി. എന്റെ കാല്‍വിരലുകള്‍ക്കിടയില്‍ ക്ലാമ്പുകള്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ചു. അവര്‍ എന്നെ വെള്ളത്തില്‍ മുക്കിയ ശേഷം വൈദ്യുതാഘാതം ഏല്‍പ്പിച്ചു.
എസ്: അവരുടെ കൈവശം സമാനമായ എല്ലാത്തരം വസ്തുക്കളും ഉണ്ടായിരുന്നു, കൈവിലങ്ങുകള്‍, ആളുകളെ അടിക്കാന്‍ നീളമുള്ള വടികള്‍. അങ്ങനെയുള്ളതെല്ലാം.
ഷൈലിക്ക്: എനിക്കു ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. അത് ഏറ്റവും ഭയാനകമാണ്. കാരണം അവര്‍ നിങ്ങളുടെ കഴുത്തു ഞെരിക്കുമ്പോള്‍ നിയന്ത്രണം സ്വയം നഷ്ടമാകും.
എസ്: തീര്‍ച്ചയായും, അത് സഹിക്കാന്‍ കഴിയാത്ത ആളുകളുണ്ടായിരുന്നു, അവര്‍ കമ്പിയില്‍ തൂങ്ങിമരിച്ചു.
(ആഗോള മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഫോര്‍ബിഡന്‍ സ്‌റ്റോറീസ്’ റഷ്യന്‍ പീഡനമുറികപ്പെറ്റി ചെയ്ത പരമ്പരയില്‍നിന്ന്. സ്വകാര്യതയുടെ പേരില്‍ ചിലപേരുകള്‍ക്കു പകരം അക്ഷരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്)