അതിര്‍ത്തി കാക്കാന്‍ ഇന്ത്യയുടെ ചാരക്കണ്ണുകള്‍; തലയ്ക്കു മുകളില്‍ വട്ടമിടുന്നത് 10 ഉപഗ്രഹങ്ങള്‍; 52 എണ്ണംകൂടി ഭ്രമണപഥത്തില്‍ എത്തും; വെടി നിര്‍ത്തലിനു പിന്നാലെ ഇന്ത്യയുടെ സൈനിക പദ്ധതികളുടെ രഹസ്യം വെളിപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍, രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 10 ഉപഗ്രഹങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. അഗര്‍ത്തലയില്‍ നടന്ന സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍, നമ്മുടെ ഉപഗ്രഹങ്ങള്‍ വഴി സേവനം നല്‍കണം. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീര പ്രദേശങ്ങള്‍ നാം നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യ ഇല്ലാതെ, നമുക്ക് പലതും നേടാന്‍ കഴിയില്ല.’-അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, സ്വകാര്യ ഓപ്പറേറ്റര്‍മാരില്‍ നിന്നും അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുമുള്ളവ ഉള്‍പ്പെടെ, ഇസ്രോ ആകെ 127 ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. ഇതില്‍ 22 എണ്ണം ലോ എര്‍ത്ത് ഭ്രമണപഥത്തിലാണ്. 29 എണ്ണം കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോ-സിന്‍ക്രണസ് എര്‍ത്ത് ഭ്രമണപഥത്തിലാണ്. ഇന്ത്യയില്‍ ഒരു ഡസനോളം സ്‌പൈ അല്ലെങ്കില്‍ സര്‍വൈലന്‍സ് ഉപഗ്രഹങ്ങളുണ്ട്. അവയില്‍ കാര്‍ട്ടോസാറ്റ്, റിസാറ്റ് പരമ്പരകളും പ്രത്യേക നിരീക്ഷണ ജോലികള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള എമിസാറ്റ്, മൈക്രോസാറ്റ് പരമ്പരകളും ഉള്‍പ്പെടുന്നു.
‘സാധാരണക്കാരുടെ വികസനത്തിന് നൂതന ഉപഗ്രഹ സാങ്കേതികവിദ്യകള്‍ ആവശ്യമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വാര്‍ഷികം ആഘോഷിക്കുന്നതിനുമുമ്പ്, രാജ്യം എല്ലാ മേഖലകളിലും ഒരു മാസ്റ്ററാകുമെന്നും ലോകത്തിന് മികച്ച സംഭാവന നല്‍കുന്ന രാജ്യമാകുമെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനും മേഖലയിലെ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഇസ്രോയും അതിന്റെ നിരവധി ഉപഗ്രഹങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 52 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുമെന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്‌പേസ്) ചെയര്‍മാന്‍ പവന്‍ കുമാര്‍ ഗോയങ്ക പറഞ്ഞിരുന്നു. ‘നമുക്ക് ഇതിനകം തന്നെ വളരെ ശക്തമായ കഴിവുകളുണ്ട്. അതിന് നിരന്തരമായ മെച്ചപ്പെടുത്തല്‍ ആവശ്യമാണ്. പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവരെ, പ്രധാനമായും ഇസ്രോയാണ് ചെയ്തത്. നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ സ്വകാര്യ മേഖലയെ കൊണ്ടുവരും. പുതിയ ഉപഗ്രഹങ്ങള്‍ ഇന്ത്യന്‍ ആര്‍മി, നേവി, വ്യോമസേന എന്നിവയെ ശത്രുക്കളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യാനും അതിര്‍ത്തികള്‍ നിരീക്ഷിക്കാനും സൈനിക പ്രവര്‍ത്തനങ്ങളില്‍ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കും.
മെയ് 18ന് ഇസ്രോ മറ്റൊരു നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്09 (റിസാറ്റ്1ബി) റഡാര്‍ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് നാരായണന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇത് ഇന്ത്യയുടെ തന്ത്രപ്രധാനമായ അതിര്‍ത്തികളിലെ നിരീക്ഷണം വര്‍ധിപ്പിക്കും.






