Breaking NewsLead NewsNEWSSportsTRENDING

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി; രാജ്യം യുദ്ധസമാനമായ സാഹചര്യത്തില്‍; മത്സരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന് ബിസിസിഐ; നടക്കാനുള്ളത് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍, ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തീരുമാനിച്ചു. ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതു മുതല്‍ ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഐപിഎല്‍ നടത്തുന്നത് നല്ല മാതൃകയല്ലെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്തതോടെയാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവയ്‌ക്കേണ്ടി വന്നത്.

Signature-ad

ഈ ഐപിഎല്‍ സീസണിലെ 58ാം മത്സരമാണ് ഇന്നലെ ധരംശാലയില്‍ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുന്‍പ് 12 ലീഗ് റൗണ്ട് മത്സരങ്ങള്‍കൂടി നടക്കാനുണ്ട്. സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. എന്നാല്‍ പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നേരത്തേ ധരംശാലയില്‍ എത്തിയതിനാലാണ് ഇന്നലത്തെ മത്സരം നടത്താന്‍ തീരുമാനിച്ചത്.

Back to top button
error: