IndiaNEWS

ലാഹോര്‍ സ്‌ഫോടനത്തിനു പിന്നാലെ കറാച്ചിയില്‍നിന്നും സിയാല്‍കോട്ടില്‍നിന്നും വിമാനങ്ങളില്ല; ഓപ്പറേഷന്‍ സിന്ദൂരില്‍ മരണം 100, പാകിസ്താനില്‍ എന്താണ് സംഭവിക്കുന്നത്?

ന്യൂഡല്‍ഹി: ലഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനമെന്ന് പാക് മാധ്യമങ്ങള്‍. ഇന്ത്യയുടെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി. കറാച്ചി, ലഹോര്‍, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്‌ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് വൃത്തങ്ങള്‍ പറയുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് പിന്നാലെയാണ് സംഭവം.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഓപ്പറേഷന്‍ സിന്ദൂരിന്റെ വിശദാംശങ്ങള്‍ രാജ്നാഥ് സിങ് പുറത്തുവിട്ടത്. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.

Signature-ad

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്. രാജ്‌നാഥ് സിങിന് പുറമെ, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അതിര്‍ത്തിയിലെ സ്ഥിതിഗതികളും ചര്‍ച്ചയായി. പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തില്‍ കേന്ദ്രമന്ത്രിമാര്‍ വായിച്ചു. സര്‍വകക്ഷി യോഗത്തിനു തൊട്ടുമുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ അജിത് ഡോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ബുധനാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും 9 ഭീകരപരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ നീണ്ടുനിന്ന 24 ആക്രമണങ്ങളായിരുന്നു ഇന്ത്യ നടത്തിയതെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

 

 

 

 

Back to top button
error: