IndiaNEWS

ടിവികെ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി, വിമാനത്താവളവും തളപതിയുടെ വാഹനവും തകര്‍ത്തു; അണികള്‍ക്കുനേരേ തോക്കുചൂണ്ടി, മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു; വിജയ്യുടെ ബൗണ്‍സര്‍മാര്‍ മലയാളികള്‍

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടംകൂടിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അടക്കമാണു കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകള്‍ ഉള്‍പ്പെടെ നശിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്.

നടനെ കണ്ട് ആവേശഭരിതരായവര്‍ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറിയതോടെ വാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്തതായി കണ്ടെത്തി. തുടര്‍ന്നാണു കണ്ടാല്‍ അറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

Signature-ad

പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവര്‍ത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി.

മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ കയ്യേറ്റം ചെയ്തതും തര്‍ക്കത്തിനിടയാക്കി. കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗണ്‍സര്‍മാരായി കൂടെയുണ്ടായിരുന്നത്.

Back to top button
error: