ധോണിയും ജഡേജയും ഒഴിയും; പൃഥ്വിഷാ വരും; അടുത്ത വര്‍ഷത്തേക്ക് ടീമിനെ കെട്ടിപ്പടുക്കാന്‍ ചെന്നൈ; വെറ്ററന്‍ കളിക്കാരെ ഇനി പരിഗണിച്ചേക്കില്ല; സാധ്യതാ ടീം ഇങ്ങനെ

ചെന്നൈ: ഐപിഎല്‍ സീസണില്‍നിന്ന് പുറത്താകുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ അടുത്തവര്‍ഷത്തേക്കു ടീമിനെ കെട്ടിപ്പടുക്കാന്‍ മഞ്ഞപ്പട. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തില്‍ വയസന്‍ താരങ്ങളെയെല്ലാം ഒഴിവാക്കുമെന്നാണ് സൂചന. മെഗാ ലേലത്തിലടക്കം ടീം നടത്തിയ നീക്കങ്ങളെല്ലാം പാളിയതാണ് ഇപ്പോഴത്തെ ടീമിന്റെ തകര്‍ച്ചക്ക് കാരണം.
വമ്പന്‍ പൊളിച്ചെഴുത്തുണ്ടാകില്ലെങ്കിലും ധോണി, ജഡേജ അടക്കമുള്ള താരങ്ങളെ ഒഴിവാക്കുമെന്നാണു വിവരം. 43-ാം വയസിലും ധോണി സിഎസ്‌കെയുടെ നായകനാണ്. ഇതുവരെ ഹീറോയായിരുന്ന ധോണി ഇക്കുറി വില്ലനായി മാറി. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ടീമില്‍നിന്നു പടിയിറങ്ങിയ ജഡേജയും ചെന്നൈയെുടെ കുപ്പായമഴിക്കും.

മെഗാ ലേലത്തിലൂടെ സിഎസ്‌കെ കൊണ്ടുവന്ന രാഹുല്‍ ത്രിപാഠിയും ദീപക് ഹൂഡയും വിജയ് ശങ്കറുമെല്ലാം ടീമിന് പുറത്താവാനാണ് സാധ്യത. ടോപ് ഓഡറില്‍ വെടിക്കെട്ട് തുടക്കം നല്‍കാന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്. ധോണി വിരമിക്കുമ്പോള്‍ പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ജോണി ബെയര്‍സ്റ്റോയെ സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ബാറ്റ്സ്മാനും സീനിയര്‍ താരവുമായ ജോണി ബെയര്‍സ്റ്റോ ഐപിഎല്ലില്‍ മികച്ച റെക്കോഡുമുള്ള താരമാണ്.
പൃഥ്വി ഷായേയും സിഎസ്‌കെ കൊണ്ടുവന്നേക്കും. വെടിക്കെട്ട് ഓപ്പണറായ പൃഥ്വി നിലവില്‍ ആര്‍ക്കും വേണ്ടാതെ ടീമിന് പുറത്താണ്. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ സിഎസ്‌കെ പൃഥ്വിയെ ടീമിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ക്യാപ്റ്റനായി റുതുരാജ് ഗെയ്ക് വാദ് തന്നെ സിഎസ്‌കെയില്‍ തുടരും. ധോണി ഉപദേഷ്ടാവായി സിഎസ്‌കെയ്ക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്.
സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല. സ്പിന്‍ നിരയില്‍ ജഡേജ പോയാലും നൂര്‍ അഹമ്മദും ശ്രേയസ് ഗോപാലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോവും. മതീഷ പതിരാന, നതാന്‍ ഇല്ലിസ്, കമലേഷ് നാഗര്‍കോട്ടി, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി എന്നിവരെല്ലാം സിഎസ്‌കെയില്‍ വരുന്ന സീസണിലും തുടര്‍ന്നേക്കും. ഡെവോണ്‍ കോണ്‍വേയേയും രചിന്‍ രവീന്ദ്രയേയും നിലനിര്‍ത്തും.
സിഎസ്‌കെയുടെ സാധ്യതാ ടീം: റിതുരാജ് ഗെയ്ക് വാദ് (ക്യാപ്റ്റന്‍), ഷെയ്ഖ് റഷീദ്, ജോണി ബെയര്‍സ്റ്റോ, ഡെവോണ്‍ കോണ്‍വേ, ശിവം ദുബെ, രചിന്‍ രവീന്ദ്ര, ആദില്‍ റഷീദ്, ഡെവാള്‍ഡ് ബ്രെവിസ്, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, രാമകൃഷ്ണ ഘോഷ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി, നതാന്‍ ഇല്ലിസ്, അന്‍ഷുല്‍ കാംബോജ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ശ്രേയസ് ഗോപാല്‍, വന്‍ഷ് ബേദി, ആന്‍ഡ്രേ സിദ്ധാര്‍ത്ഥ്