CrimeNEWS

വനിതാ നിര്‍മാതാവിനെതിരായ ലൈംഗികാതിക്രമം: കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്, ആന്റോ ജോസഫ് ഒന്നാം പ്രതി

കൊച്ചി: വനിതാ നിര്‍മാതാവിനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നിര്‍മാതാവ് ആന്റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നാല് പ്രതികളാണുള്ളത്.

കേസില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. രാകേഷാണ് രണ്ടാം പ്രതി. അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാഴക്കുഴി എന്നീ നിര്‍മാതാക്കളും കേസിലെ പ്രതികളാണ്.

Signature-ad

പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ ശേഷം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് വനിതാ നിര്‍മാതാവ് പൊലീസിന് നല്‍കിയ പരാതി.

ഈ പരാതി പിന്നീട്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഈ അന്വേഷണ സംഘമാണ് എറണാകുളം സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ, അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചിരുന്നു. പരാതിക്കാരിയായ വനിതാ നിര്‍മാതാവിന്റെ മൊഴിയെടുക്കുകയും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, സിനിമാ മേഖലയിലെ പ്രമുഖര്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ലൈംഗികാതിക്രമത്തിനിരയായ വനിതാ നിര്‍മാതാവ് പറഞ്ഞു. പ്രതികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: