
കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയില്‍നിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. ഇയാള്‍ മാളയില്‍ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമില്‍ ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊലയ്ക്കുശേഷം വിജയകുമാറിന്റെയും ഭാര്യയുടേയും ഫോണ്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാര്‍ (64), ഭാര്യ ഡോ. മീര വിജയകുമാര്‍ (60) എന്നിവരാണ് വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. 2017 ജൂണില്‍ കോട്ടയം തെള്ളകത്ത് റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവര്‍. ഈ കേസില്‍ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.
ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേള്‍വിപരിമിതിയുള്ള തോട്ടക്കാരന്‍ ബോണ്ട് രാജ് ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു.
മൃതദേഹങ്ങള്‍ രണ്ടുമുറികളിലായിരുന്നു. കോടാലികൊണ്ട് തലയ്ക്കടിച്ചശേഷം തലയണകൊണ്ട് മുഖം അമര്‍ത്തി മരണം ഉറപ്പാക്കിയെന്നാണ് കരുതുന്നത്. മകള്‍: ഗായത്രി (യുഎസ്). ആറു മാസം മുന്‍പായിരുന്നു ഗായത്രിയുടെ വിവാഹം.