Breaking NewsLead News

കശ്മീരിൽ ചോരപ്പുഴ:  ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു, അമിത് ഷാ ശ്രീനഗറിൽ

    ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെ  ഉണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രാജസ്ഥാൻ, തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ്  കൊല്ലപ്പെട്ടത്. ട്രക്കിങ്ങിനു  പോയവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതൽ സുരക്ഷാ സേനാംഗങ്ങൾ പുറപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്.

അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്കു അടുത്തു വന്ന് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാൻ സാധിക്കൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്.‍ പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതർ മേഖലയിലേക്ക് ഹെലികോപ്റ്റർ അയച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ ഗുരുതരമായ പരുക്കേറ്റ വിനോദസഞ്ചാരികളെ സുരക്ഷാ സേന എത്തിയാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

Signature-ad

കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎ സംഘം ഉടൻ പഹൽഗാമിലെത്തും. അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം ശ്രീനഗറിൽ ചേരും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.  അതനുസരിച്ച് അമിത് ഷാ വൈകിട്ട് തന്നെ ശ്രീനഗറിലേക്ക് പുറപ്പെട്ടു. ഇതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു:

‘‘കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ തിരിച്ചടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോൺഫറൻസിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജൻസികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താൻ ഞാൻ ഉടൻ ശ്രീനഗറിലേക്ക് പോകും.’’

ആക്രമണം നടത്തിയത് ചില പാകിസ്ഥാൻ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദർ റെയ്‌ന പറഞ്ഞു. പഹൽഗാമം ഭീകരാക്രമണത്തിൽ അപലപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

Back to top button
error: