‘നിന്നെ കൊല്ലില്ല, ഇതുപോയി മോദിയോടു പറയൂ’; ഭീകരരുടെ ആക്രോശത്തില്‍ തരിച്ച് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ; വെടിയേറ്റെന്ന് മലയാളിയുടെ ശബ്ദസന്ദേശം; ആരെയും വെറുതേവിടില്ലെന്ന് മോദി; അപലപിച്ച് രാഷ്ട്രപതി

ജമ്മുകശ്മീര്‍: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കര്‍ണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കണ്മുമ്പില് വെച്ച് ഭര്‍ത്താവിനെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു.
”ഞങ്ങള്‍ മൂന്ന് പേര് – ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്മുന്നില് വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു.

‘മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേര് ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. നിന്നെ ഞങ്ങള്‍ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവര്‍ മറുപടി പറഞ്ഞത്,’ പല്ലവി വിവരിച്ചു.
ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണത്തില്‍ ഭീകരര്‍ വെടിയുതിര്‍ത്തത് മതം ചോദിച്ചതിന് ശേഷമെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. അക്രമികളെത്തിയത് സൈനിക വേഷത്തിലാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ നിന്ന് വെടിയേറ്റുവെന്ന് പറയുന്ന മലയാളിയുടെ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പഹല്‍ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചു. തീര്‍ത്തും മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതികരിച്ചു. ഭീകരരുടെ അജന്‍ഡ നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മീരില്‍ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹല്‍ഗാമില്‍ ആക്രമണം നടന്നത്. വിനോദസഞ്ചാരികള്‍ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരര്‍ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 20 ഓളം പേര്‍ക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരര്‍ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികള്‍ എത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ ഓടിരക്ഷപ്പെട്ടു.