”സോമേട്ടനെ പോലെ ഒരുത്തനും ഇന്ന് അടിക്കില്ല; ആഹാരത്തിന് മുമ്പ് ഈരണ്ടെണ്ണം വീതം തിലകന് മസ്റ്റ്”

മലയാള സിനിമാ ലോകവും പ്രേക്ഷകരുമെല്ലാം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നടന് ഷൈന്‍ ടോം ചാക്കോയെ കുറിച്ചാണ്. നടി വിന്‍സി അലോഷ്യസ് പരാതിപ്പെട്ടതിന് പിന്നാലെ ഷൈനിനെതിരെ കുരുക്ക് മുറുകുന്നു. ഏറെക്കാലമായി ഷൈന്‍ ടോമിന്റെ ലഹരി ഉപയോഗവും അഭിമുഖങ്ങളിലെ പരാമര്‍ശങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. വിന്‍സിയുടെ പരാതിയോടെ ഇക്കാര്യത്തില്‍ വ്യക്തത വന്നു. ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വ്യാപക വിമര്‍ശനം വരുന്നുണ്ട്. മലയാള സിനിമാ ലോകം ലഹരിയുടെ പിടിയിലായെന്ന വാദം ശക്തമാണ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സംവിധായകന് ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ലഹരി ഉപയോഗം മലയാള സിനിമാ ലോകത്ത് പണ്ട് മുതലേയുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. കടുത്ത മദ്യപാനികളായ താരങ്ങളെ താന്‍ കണ്ടിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ലഹരി ഉപയോഗിക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ബെപ്പാസ് സര്‍ജറി കഴിഞ്ഞ തിലകന് ചേട്ടനോട് ദിവസം രണ്ട് പെഗ് കഴിക്കാമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. പുള്ളി ഓരോ തവണയും ആഹാരത്തിന് മുമ്പും ബ്രീഫ്കെയ്സ് തുറന്ന് വെച്ച് മദ്യം ഒഴിക്കും. ചേട്ടാ ബൈപ്പാസ് സര്‍ജറി കഴിഞ്ഞതല്ലേ എന്ന് ഞാന്‍ ചോദിച്ചു. രണ്ട് അടിക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം.

പക്ഷെ പുള്ളി ഓരോ തവണ ആഹാരം കഴിയുമ്പോഴും രണ്ടെണ്ണം വീതം അടിക്കുകയാണ്. പക്ഷെ തിലകന് ചേട്ടനെ കൊണ്ട് സെറ്റില്‍ പ്രശ്നമുണ്ടാകില്ല. നല്ല മദ്യപാനികളുടെ കൂടെ സഹകരിച്ചിട്ടുള്ള ആളാണ് ഞാന്‍. ശ്രീനിവാസനും എംജി സോമനുമടക്കം. സോമേട്ടന് കഴിച്ചത് പോലെയൊന്നും മലയാള സിനിമയില്‍ ഒരുത്തനും ഇപ്പോള്‍ കഴിക്കില്ല. പക്ഷെ അവര്‍ ഒരിക്കലും സിനിമയ്ക്ക് ദോഷം ചെയ്തിട്ടില്ല. ഷൂട്ടിംഗിനെ ബാധിക്കുന്ന ഒന്നും അവര്‍ ചെയ്യില്ല. തിലകന് ചേട്ടനടക്കം.
അങ്ങനെയല്ല ഇന്നത്തെ സാഹചര്യം ഇപ്പോള്‍ അടിച്ച് ഫിറ്റായി, എല്ലാ ലഹരിയും കയറ്റി സമയമുണ്ടെങ്കില്‍ അഭിനയിക്കാമെന്നായെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ലഹരി ഉപയോഗം മലയാള സിനിമയില്‍ ഇന്ന് വന്നതല്ല. എന്നാല്‍ മുമ്പുള്ളവര്‍ക്ക് സിനിമയ്ക്ക് ശേഷമായിരുന്നു ലഹരിയും പെണ്ണുമെല്ലാം. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. ലഹരി കഴിഞ്ഞ് സമയമുണ്ടെങ്കില്‍ സിനിമയെടുത്താല്‍ മതിയെന്നായെന്നും ശാന്തിവിള ദിനേശ് വിമര്‍ശിച്ചു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്കുന്ന നാലഞ്ച് നായക നടന്മാര് സിന്തറ്റിക് ലഹരി ഉപയോഗം കാരണം എല്ലും പല്ലും പൊടിഞ്ഞ് ഈയടുത്ത് മരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. ഈ നടന്മാരുടെ പേര് വെളിപ്പെടുത്താന്‍ സംവിധായകന് തയ്യാറായില്ല.