CrimeNEWS

വെന്റിലേറ്ററിലായിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസ്; പ്രതിയായ ആശുപത്രി ടെക്നീഷ്യന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. ആശുപത്രിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നല്‍കി അഞ്ച് ദിവസത്തിനുശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.

വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചുവെന്നാണ് 46കാരിയായ എയര്‍ഹോസ്റ്റസ് പൊലീസിന് മൊഴി നല്‍കിയത്. ജോലിയുമായി ബന്ധപ്പെട്ട് ഗുരുഗ്രാമില്‍ പരിശീലനത്തിന് എത്തിയതായിരുന്നു യുവതി. ഹോട്ടലില്‍ താമസിച്ചിരുന്ന യുവതിക്ക് നീന്തല്‍ കുളത്തില്‍ വച്ച് ഒരു അപകടം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Signature-ad

ആരോഗ്യം വഷളായതോടെ ഭര്‍ത്താവ് ഇടപെട്ട് യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡന സമയത്ത് ആരോഗ്യനില മോശമായതുകൊണ്ട് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രില്‍ 13ന് ആശുപത്രി വിട്ടതിനുശേഷമാണ് യുവതി ഭര്‍ത്താവിനോട് സംഭവിച്ചതെല്ലാം പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവാണ് 112 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് സദര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.

Back to top button
error: