
ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ (വഖഫ് പട്ടികയില്‍നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അത് അല്ലാതാക്കരുതെന്നാണ് കോടതി നിര്‍ദേശം. കേസ് കോടതിയില്‍ തുടരുന്നത് തീര്‍പ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം. എന്നാല്‍, ബാക്കിയുള്ളവര്‍ മുസ്ലിംകള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാന്‍ തുടങ്ങിയെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അതിശക്തിമായ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി നാളേക്കു മാറ്റി.
പാര്‍ലമെന്റ് നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു തിരികെ വിടണമോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. അനുച്ഛേദം 26നെ മതാചാരവുമായി കൂട്ടിക്കുഴയ്ക്കരുത്. അനുച്ഛേദം 26 മതേതരമാണ്, എല്ലാ സമുദായങ്ങള്‍ക്കും ബാധകമാണ്. പുരാതന സ്മാരകങ്ങളാകും മുന്‍പ് വഖഫായിരുന്നത് അങ്ങനെതന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി.സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂല്‍ എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ആര്‍ജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാന്‍, അസോസിയേഷന്‍ ഫോര്‍ ദ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, മൗലാന അര്‍ഷദ് മഅദനി, അന്‍ജും ഖദ്രി, തയ്യിബ് ഖാന്‍, സാല്‍മനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി ഇന്ന് ഒന്നിച്ചു പരിഗണിച്ചത്.