
കൊച്ചി: സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ കിഷോര്‍ സത്യവും ആത്മ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും പറഞ്ഞു.
”നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാന്‍ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല.

പറ്റുന്നവര്‍ സഹായിക്കണം എന്ന് ഞങ്ങള്‍ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ അങ്ങനെ ഒരു അങ്ങനെ ഒരു സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അഭിനയരംഗത്തുണ്ട്, അദ്ദേഹം അഭിനയിക്കുന്ന ഒരു സീരിയല്‍ ഇപ്പോള്‍ ഒരു ചാനലില്‍ ഉണ്ട് എന്നാണ് അറിവ്. അദ്ദേഹത്തിന് ഇത്രയും ഗുരുതരമായ അവസ്ഥ ആയതില്‍ ദുഃഖമുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.” -നടന്‍ കിഷോര്‍ സത്യ പറഞ്ഞു.
”നടന്‍ വിഷ്ണു പ്രസാദിന്റെ സഹോദരിയാണ് അദ്ദേഹത്തിന്റെ അസുഖ വിവരങ്ങള്‍ ഞങ്ങളെ അറിയിച്ചത്. അദേഹത്തിന്റെ ശസ്ത്രക്രിയയ്ക്ക് വലിയൊരു തുക വേണ്ടിവരും. ഇപ്പോള്‍ ഞങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു ചെറിയ തുക നല്‍കിയിട്ടുണ്ട്. സംഘടനയിലുള്ള മറ്റ് അംഗങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.” -മോഹന്‍ അയിരൂര്‍ പറഞ്ഞു.
കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമായ താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് െപണ്‍ മക്കളാണുള്ളത്.