
കാസര്‍കോട്: ബേഡകത്ത് കടയിലിട്ട് തീകൊളുത്തി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തില്‍ പലചരക്കുകട നടത്തുന്ന സി.രമിതയെ (32) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മദ്യപിച്ചെത്തി ശല്യംചെയ്യുന്നതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത കടക്കാരനായ തമിഴ്‌നാട് സ്വദേശി രാമാമൃത (57) ആണ് രമിതയെ തീകൊളുത്തിയത്. രമിതയുടെ ദേഹത്തു തിന്നറൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം 8ന് ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതി ഫര്‍ണിച്ചര്‍ ജോലിക്ക് ഉപയോഗിക്കുന്ന തിന്നര്‍ രമിതയുടെ ദേഹത്തൊഴിച്ച്, കയ്യില്‍ കരുതിയ പന്തത്തിനു തീകൊളുത്തി എറിയുകയായിരുന്നു. കെട്ടിടത്തിനു തീപിടിച്ചതാണെന്നു കരുതി ഓടിയെത്തിയ സമീപവാസികളും സ്വകാര്യ ബസ് ജീവനക്കാരുമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച രാമാമൃതത്തെ ബസ് ജീവനക്കാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന 8 വയസ്സുള്ള മകനും മകന്റെ സഹപാഠിയും തലനാരിഴയ്ക്കാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

രമിതയുടെ കടയുടെ തൊട്ടടുത്ത മുറിയില്‍ പ്രതി ഫര്‍ണിച്ചര്‍ കട നടത്തിയിരുന്നു. മദ്യപിച്ചെത്തി ശല്യംചെയ്യുന്നെന്ന രമിതയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഫര്‍ണിച്ചര്‍ കട അടപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. നേരത്തേ, ഇയാള്‍ രമിതയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.