Breaking NewsWorld

ആത്മാർത്ഥത കൂടി പോയി : ഇന്‍റർവ്യൂവിന് നേരത്തെയെത്തിയ ആൾക്ക് ജോലി നിരസിച്ച് സ്ഥാപന ഉടമ

അറ്റ്ലാന്‍റ: അഭിമുഖത്തിന് വളരെ നേരത്തെ എത്തിയതിനെ തുടർന്ന് ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ട സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. ജോലിക്കായി ഇൻറർവ്യൂ നടത്തിയ സ്ഥാപനത്തിന്‍റെ ഉടമ തന്നെയാണ് നിശ്ചയിച്ചിരുന്ന സമയത്തിനും 25 മിനിറ്റ് നേരത്തെ വന്നതിന് ഒരു ഉദ്യോഗാർത്ഥിയെ താൻ നിരസിച്ചതായി ലിങ്ക്ഡ്ഇനിൽ കുറിപ്പ് എഴുതിയത്. ഈ കുറിപ്പ് വളരെ വേഗത്തിൽ ചർച്ചയായെന്ന് മാത്രമല്ല സ്ഥാപന ഉടമയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ രൂക്ഷ വിമർശനം ഉയരുന്നതിന് ഇടയാക്കുകയും ചെയ്തു.

അറ്റ്ലാന്‍റ ആസ്ഥാനമായുള്ള ഒരു ക്ലീനിംഗ് സർവീസിന്‍റെ ഉടമയായ മാത്യു പ്രെവെറ്റ് ആണ് ലിങ്ക്ഡ്ഇനിൽ ഇക്കാര്യം പങ്കുവെച്ചത്. ഓഫീസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള ഒരു ഉദ്യോഗാർത്ഥി ഷെഡ്യൂൾ ചെയ്ത സമയത്തിന് 25 മിനിറ്റ് മുമ്പ് എത്തിയതാണ് അയാളെ തെരഞ്ഞെടുക്കാതിരിക്കാനുള്ള തീരുമാനത്തിൽ പ്രധാന ഘടകമായി മാറിയത് എന്നായിരുന്നു അദ്ദേഹം കുറിച്ചത്. പോസ്റ്റ് വളരെ വേഗത്തിൽ ചർച്ചയായതോടെ തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ അദ്ദേഹം കൂടുതൽ വ്യക്തമാക്കി. പൊതുവേ ഒരു സ്ഥലത്ത് അല്പം നേരത്തെ എത്തുന്നത് നല്ലതാണെങ്കിലും വളരെ നേരത്തെ എത്തുന്നത് മോശം സമയ മാനേജ്മെന്‍റിന്‍റെയോ സാമൂഹിക അവബോധത്തിന്‍റെയോ സൂചനയായിരിക്കുമെന്ന് മാത്യു പ്രെവെറ്റ് പറഞ്ഞു.മാത്രമല്ല തന്‍റെ ചെറിയ ഓഫീസിൽ ഉദ്യോഗാർത്ഥി വളരെ നേരത്തെ എത്തിയത് തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും ബിസിനസ് കോളുകളിൽ പലതും അയാൾക്ക് കേൾക്കാൻ സാധിച്ചുവെന്നും പ്രെവെറ്റ് കൂട്ടിച്ചേർത്തു. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ എത്തുന്നവർ അഞ്ചോ പത്തോ മിനിറ്റ് മാത്രം മുൻപ് വരുന്നതിൽ തെറ്റില്ലെന്നും അതിൽ കൂടുതൽ നേരത്തെ പ്രസ്തുത സ്ഥലത്തെത്തി കാത്തിരിക്കുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

എന്നാൽ, ഇത് തീർത്തും പരിഹാസ്യമായ വിലയിരുത്തലാണ് എന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളിൽ ഭൂരിഭാഗം ആളുകളും കുറിച്ചത്. വൈകില്ലെന്ന് ഉറപ്പാക്കാനായിരിക്കാം ആ ഉദ്യോഗാർത്ഥി അല്പം നേരത്തെ എത്തിയതെന്നും വൈകിയതിന്‍റെ പേരിൽ തന്‍റെ ജോലി നഷ്ടപ്പെടരുതെന്ന് അദ്ദേഹം അത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ആ വ്യക്തിയെ ജോലിക്ക് എടുക്കാത്തത് താങ്കളുടെ കമ്പനിക്ക് ഒരു വലിയ നഷ്ടമാണെന്നും ചിലർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: