പഞ്ചാബിനെതിരായ വെടിക്കെട്ട് മത്സരം ഒത്തുകളിയായിരുന്നോ? സണ്‍റൈസേഴ്‌സിന്റെ തിരിച്ചുവരവിന് പണമൊഴുക്കിയെന്ന് ആരാധകര്‍ക്കു സംശയം; അഭിഷേക് കുറിപ്പ് ഉയര്‍ത്തുമെന്ന് മുന്‍കൂര്‍ തീരുമാനിച്ചു? ട്രാവിസ് ഹെഡിന്റെ മറുപടിയില്‍ മറുവാദവും ശക്തം

ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ കളിയിലേക്കു തിരിച്ചെത്തിയെങ്കിലും ഹൈദരാബാദും പഞ്ചാബും തമ്മിലുള്ള മത്സരം ഒത്തുകളിയെന്ന ആരോപണവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വെടിക്കെട്ടു പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നാലെയെത്തിയ അഭിഷേകും സംഘവും അതിനപ്പുറമുള്ള പ്രകടനമാണു പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് എട്ട് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം.
അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ചത്. മോശം ഫോമിലായിരുന്ന യുവ ഓപ്പണര്‍ 55 പന്തില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ഹെഡും ചേര്‍ന്ന് സൃഷ്ടിച്ചത്. എന്നാല്‍, ഹൈദരാബാദിനെ ജയിപ്പിക്കാനുള്ള മത്സരമായിരുന്നെന്നും ടീം ഉടമ കാവ്യ മാരനെ സന്തോഷിപ്പിക്കാന്‍ പണമൊഴുക്കിയെന്നുമാണ് ആരാധകര്‍ പറയുന്നത്. മത്സരം ജയിപ്പിക്കാനുള്ള ശ്രമം പഞ്ചാബ് നടത്തിയില്ലെന്നും ഫീല്‍ഡിംഗിലും ബൗളിംഗിലും തന്ത്രങ്ങളൊന്നും പുറത്തെടുത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

അഭിഷേകിന്റെ സെഞ്ചുറി ആഘോഷം വൈറലായതാണ് ഇതിലൊന്ന്. ആദ്യ കളിമുതല്‍ മോശം ഫോമിലായിരുന്ന അഭിഷേക് പഞ്ചാബിനെതിരേ മികച്ച കളിയാണു പുറത്തെടുത്തത്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ കത്തിക്കയറിയതിന് ശേഷം താരം കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് ‘ഇത് ഓറഞ്ച് ആര്‍മിക്ക് വേണ്ടി’ കുറിപ്പ് ഉയര്‍ത്തിക്കാട്ടിയതാണ് ആരാധകരുടെ പുരികം ഉയര്‍ത്തുന്നത്.
ട്വന്റി 20യില്‍ അര്‍ധസെഞ്ചുറി ഉറപ്പിക്കാമെങ്കിലും സെഞ്ചുറി ഉറപ്പിച്ച് ആരും കളത്തിലിറങ്ങാറില്ലെന്നും സംശയമുണ്ടെന്നും ആരാധകര്‍ പറയുന്നു. അഭിഷേകിനെ പുറത്താക്കാനുള്ള ശ്രമങ്ങളും പഞ്ചാബ് മുതലെടുത്തില്ല. യഷ് ഠാക്കൂറിന്റെ ഓവറില്‍ അഭിഷേക് പുറത്തായതാണെങ്കിലും നോബോള്‍ ഭാഗ്യം ലഭിച്ചു. രണ്ട് തവണയാണ് അഭിഷേകിന്റെ ക്യാച്ച് കൈവിട്ടത്. അഭിഷേകിനെ സെഞ്ചുറിയിലേക്കെത്തിക്കാനുള്ള ശ്രമം നടന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
പഞ്ചാബ് താരങ്ങളുടെ ശരീര ഭാഷ പോലും തോറ്റവരുടേതായിരുന്നു. പഞ്ചാബിന്റെ പ്രധാന പേസര്‍മാരിലൊരാളായ ലോക്കി ഫെര്‍ഗൂസന് പെട്ടെന്ന് പരിക്കേറ്റതും തിരക്കഥയുടെ ഭാഗമാണെന്നു സംശയിക്കുന്നു. രണ്ട് പന്ത് മാത്രം എറിഞ്ഞ താരം കാല്‍ മസിലിന്റെ വേദനയെത്തുടര്‍ന്ന് കളം വിടുകയായിരുന്നു. മാര്‍ക്കസ് സ്റ്റോയിണിസിന് കൂടുതല്‍ ഓവര്‍ നല്‍കാത്തതിലും ആരാധകര്‍ സംശയം ചൂണ്ടിക്കാട്ടുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ മാരനെ സന്തോഷിപ്പിക്കാനുള്ള നീക്കമാണിതെന്നും കാവ്യയെ സന്തോഷിപ്പിക്കാന്‍ പണമൊഴുകിയോയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
എന്നാല്‍, മത്സരത്തിനുശേഷം ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡിന്റെ വെളിപ്പെടുത്തല്‍ ഇതൊന്നും ശരിയല്ലെന്ന മറുവാദത്തിലേക്കും കൊണ്ടുപോകുന്നു. കഴിഞ്ഞ എല്ലാ കളികളിലും അഭിഷേക് കുറിപ്പ് കരുതിയിരുന്നെന്നും ഫോമിലേക്കു തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തിയാണു കളിച്ചത്. ഏതു ബൗളര്‍ക്കെതിരേ ഓരോരുത്തരും ബാറ്റ് ചെയ്യണമെന്നതും ചര്‍ച്ച ചെയ്തു. മികച്ച പാര്‍ടണര്‍ഷിപ്പായിരുന്നു അത്. ആദ്യം ഒന്നു പിടിച്ചുനിന്നശേഷം അടിച്ചുതകര്‍ക്കാന്‍തന്നെ തീരുമാനിച്ചാണ് അഭിഷേക് ക്രീസിലെത്തിയതെന്നും ഹെഡ് കൂട്ടിച്ചേര്‍ത്തു.