ഇതു ടെസ്റ്റല്ല, ട്വന്റി20; രണ്ടാം തോല്‍വിയില്‍ സഞ്ജുവിനെ പഴിച്ച് ആരാധകര്‍; ദ്രാവിഡിനും വിമര്‍ശനം; ഹോം ഗ്രൗണ്ടില്‍ ടീമിന്റെ തന്ത്രങ്ങള്‍ അമ്പേ പാളി; നിതീഷ് റാണയെ വൈകിപ്പിച്ചതും തിരിച്ചടിയായി

ജയ്പൂര്‍: രണ്ടു തുടര്‍ വിജയങ്ങള്‍ക്കു പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്കു രാജസ്ഥാന്‍ പതിച്ചതിനു പിന്നാലെ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. കോച്ച് ദ്രാവിഡിന്റെ കീഴില്‍ തന്ത്രങ്ങള്‍ അമ്പേ പാളിയെന്നും വെടിക്കെട്ടു ക്രിക്കറ്റില്‍ ടെസ്റ്റ് ബാറ്റിംഗ് പുറത്തെടുത്താല്‍ വേറെ നിവൃത്തിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. സഞ്ജുവിന്റെ സാന്നിധ്യംകൊണ്ട് നിരവധി മലയാളി ആരാധകരും രാജസ്ഥാനൊപ്പമുണ്ട്.
ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും പൊളിഞ്ഞുപോയ ടീമിനു മറ്റാരിലും പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ആര്‍സിബിയോടാണ് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയത്. ഇക്കാര്യത്തില്‍ വില്ലന്‍ സഞ്ജു തന്നെയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ടു പുറത്തെടുക്കുന്നതിനു പകരം ടെസ്റ്റ് ശൈലിയിലായിരുന്നു ബാറ്റിംഗ്. 19 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. ഇതു ടീമിന്റെ സ്‌കോറിംഗിനെ ആകെ ബാധിച്ചു.

ജെയ്‌സ്വാളിനൊപ്പം ആക്രമിച്ചു കളിച്ചിരുന്നെങ്കില്‍ മികച്ച തുടക്കം ആര്‍ആറിനു ലഭിക്കുമായിരുന്നു. പവര്‍ പ്ലേയില്‍ വെറും 45 റണ്‍സാണു റോയല്‍സിനു ലഭിച്ചത്. നേരിട്ട ആദ്യ 16 ബോളില്‍ 13 റണ്‍സാണു സംഭാവന. അടുത്ത ഓവറില്‍ പുറത്താകുകയും ചെയ്തു. ക്രുനാല്‍ പാണ്ഡ്യക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിമു ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്തു.
രാഹുല്‍ ദ്രാവിഡിന്റെ ഗെയിം പ്ലാനിംഗും ടീമിനെ സാരമായി ബാധിച്ചു. ജെയ്പൂരിലെ സ്‌ലോ പിച്ചില്‍ ആര്‍സിബിയുടെ സ്പിന്നര്‍മാര്‍ എത്തുമ്പോള്‍ രാജസ്ഥാന്റെ വജ്രായുധം നിതീഷ് റാണയായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാന് അനുകൂല സാഹചര്യമായിരുന്നു മത്സരത്തില്‍. ഏഴാം ഓവറില്‍ സഞ്ജു മടങ്ങിയതിനു പിന്നാലെ മൂന്നാമനായി റാണയെ ഇറക്കിയിരുന്നെങ്കില്‍ നിര്‍ണായകമാകുമായിരുന്നു. ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ക്രീസിലുള്ളതു കാരണം ഇടംകൈ-വലംകൈ കോമ്പിനേഷനു വേണ്ടി റാണയെ ദ്രാവിഡ് വൈകിപ്പിക്കുകയായിരുന്നു.
ആറാമനായാണ് ഒടുവില്‍ താരം ബാറ്റിങിന് ഇറങ്ങിയത്. 20-ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. മൂന്നാമനോ നാലാമനോ ആയി റാണ ഇറങ്ങിയിരുന്നെങ്കില്‍ കൂടുതല്‍ മികച്ച ടോട്ടല്‍ നേടാന്‍ കഴിയുമായിരുന്നു. ഈ ഐപിഎല്ലിലെ ശരാശരി സ്‌കോറില്‍ സമ്മര്‍ദമില്ലാതെയാണ് ആര്‍സിബി കളിച്ചതും.