വഖഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി നടന്‍ വിജയ്; നിയമം ഭരണഘടനാ വിരുദ്ധം; കോടതിയെ സമീപിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍; വാദം കേള്‍ക്കാതെ തീരുമാനം പാടില്ലെന്ന് കേന്ദ്രം

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്.
തമിഴ്‌നാട് സര്‍ക്കാരും ഡിഎംകെയും നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുണ്ട്. വഖഫ് ബില്ലിനെതിരെ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്.

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഈ മാസം 16ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, ആര്‍ജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയവ സുപ്രിംകോടതിയെ സമീപിച്ചത്. നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
തങ്ങളുടെ വാദം കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്നാണ് തടസഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസ്സാക്കിയത്.