സോഷ്യല്‍ മീഡിയയില്‍ ആര്‍എസ്എസ്- ബിജെപി വിമര്‍ശനം കടുത്തു; യുഎഇയില്‍നിന്ന് വധഭീഷണിയെന്ന് മുന്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി; പാണക്കാട് കുടുംബത്തെയും മുസ്ലിംകളെയും അവഹേളിച്ചെന്നും സന്ദീപ്

പാലക്കാട്: തനക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വാട്‌സ്ആപ്പ് വഴി യുഎഇ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചെന്ന് പരാതി. രണ്ടു മാസത്തിനിടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെ മതവിദ്വേഷം വിളമ്പിയവര്‍ക്കെതിരേയും അസഭ്യവര്‍ഷം നടത്തിയവര്‍ക്കെതിരേയും വരും ദിവസങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു.
ബിജെപി വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും സംഘപരിവാറിനെതിരേ രൂക്ഷ വിമര്‍ശനമാണു സന്ദീപ് വാര്യര്‍ നടത്തുന്നത്. അടുത്തിടെ പാലക്കാട് നഗരസഭയില്‍ കെട്ടിടത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരു നല്‍കുന്നതിനെതിരേ വന്‍ പ്രതിഷേധം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ സന്ദീപ് ഉയര്‍ത്തിയിരുന്നു.

സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്ന വ്യക്തിത്വങ്ങളുടെ പേരുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നല്‍കരുത് എന്ന പൊതുമാനദണ്ഡത്തിന്റെ നഗ്‌നമായ ലംഘനമാണ് പാലക്കാട് നടന്നത് എന്നാണു കോണ്‍ഗ്രസിന്റെ നിലപാടെന്നും കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യ ഭരിക്കുന്ന ബിജെപി ഇതിനിടയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ആയിരക്കണക്കിന് ബില്‍ഡിങ്ങുകള്‍ക്കോ പാലങ്ങള്‍ക്കോ റോഡുകള്‍ക്കോ എന്തുകൊണ്ടാണ് ആര്‍എസ്എസ് സ്ഥാപകന്റെ പേര് കൊടുക്കാതിരുന്നതെന്നും സന്ദീപ് ചോദിച്ചു. നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി ആ സംസ്ഥാനങ്ങളില്‍ ഒന്നും ഒരു പദ്ധതിയും ആര്‍എസ്എസ് സ്ഥാപകന്റെ പേരില്‍ തുടങ്ങാതിരുന്നത് എന്തുകൊണ്ടാണ്? കൊള്ളാവുന്ന ഒരു പേരല്ല എന്ന് തോന്നിയത് കൊണ്ടാണോ അതോ താത്വികമായി ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന വ്യക്തിപൂജ വിരുദ്ധത കൊണ്ടാണോ? രണ്ടിലേതാണ് എന്ന് കേരളത്തിലെ ആര്‍എസ്എസ് പറയട്ടെയെന്നും സന്ദീപ് ചോദിച്ചു.
കേരളത്തിലെ ആര്‍എസ്എസ് താത്വികമായി പരാജയപ്പെട്ട ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ടന്മാരായ ബിജെപി നേതാക്കള്‍ കാണിക്കുന്ന ഭോഷ്‌കിനെ ന്യായീകരിക്കേണ്ട ഗതികേടിലേക്ക് അവര്‍ എത്തിയിരിക്കുന്നെന്നും അതിനെതിരേ പ്രതിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പിണറായിയുടെ സര്‍ക്കാര്‍ കേസെടുക്കുകയാണെന്നും സന്ദീപ് പറഞ്ഞു.
എംഎല്‍എക്ക് നേരെ കൊലവിളി നടത്തിയ ബിജെപി നേതാവിന് പിണറായി വിജയന്‍ സംരക്ഷണം നല്‍കുകയാണെന്നും കേരളത്തിലെ ആര്‍എസ്എസ് പ്രാന്ത കാര്യവാഹകായി പിണറായി വിജയന്‍ മാറിയെന്നും സന്ദീപ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ ഗോശാലയും ചാണകക്കുഴിയും ഉണ്ടാക്കിയ സ്ഥിതിക്ക് അടുത്ത വിജയദശമി ദിനത്തില്‍ പിണറായി ഗണവേഷധാരിയായി സഞ്ചലനം നടത്തുന്നതുകൂടി കണ്ടാല്‍ മതിയെന്നും സന്ദീപ് പരിഹസിച്ചിരുന്നു. തഹാവൂര്‍ റാണ കേരളത്തില്‍ എത്തിയത് എന്തിനാണു പഹയാ എന്ന ചോദ്യത്തിനു ‘കേരളത്തിലെ ബിജെപിയുടെ പ്രഭാരിയാകാന്‍ ആയിരിക്കും’ എന്ന മറുപടിയും വന്‍ വൈറലായിരുന്നു.
ആര്‍എസ്എസിന്റെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തെയും ജയപ്രകാശ് നാരായണനെയും വഞ്ചിച്ചെന്ന ഹിന്ദു റിപ്പോര്‍ട്ടും അടുത്തിടെ സന്ദീപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇന്ദിരാഗാന്ധിയോടു മാപ്പു പറഞ്ഞും പുകഴ്ത്തിയും തൃതീയ സര്‍ സംഘചാലകായ ബാലസാഹീബ് ദേവറസ് കത്തുകളയച്ചെന്നും ലേഖനമെഴുതിയ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയാണെന്നും 2000 ജൂണ്‍ 13ലെ ഹിന്ദു പത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടു സന്ദീപ് പറഞ്ഞു. ഇതിനെതിരേ സംഘപരിവാര്‍ വൃത്തങ്ങളില്‍നിന്നും സിപിഎം അണികളില്‍നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ അടൂരില്‍ മത്സരിക്കുമ്പോള്‍ പാലക്കാട് സീറ്റ് ഉറപ്പിക്കാനുള്ള ശ്രമമാണു സന്ദീപ് നടത്തുന്നതെന്നും ചിലര്‍ ആരോപിച്ചിരുന്നു.