Breaking NewsIndiaWorld

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം, നീക്കം മനഃപൂർവം

കീവ്: യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെവെയർഹൗസിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. ഇന്ത്യയിലെ യുക്രെയ്ൻ‌ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം.

‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു.

Signature-ad

റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്നിലെ ഏറ്റവും വലിയ ഫാർമ സ്ഥാപനങ്ങളിൽ ഒന്നാണ്. അടിസ്ഥാന മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനാൽ കമ്പനിയുടെ ഉൽപന്നങ്ങൾ യുക്രെയ്നിലുടനീളം നിർണായകമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാരോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: