
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങിമരിച്ചു. ഇടുക്കി പുഷ്പകണ്ടം സ്വദേശികളായ നെല്ലിക്കുന്നേല്‍ ബാബുവിന്‍റെ മകൻ ബിപിൻ (23), തെക്കേടത്ത് പ്രതാപന്‍റെ മകൻ അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് പെരിയാറില്‍ മഞ്ഞുമ്മല്‍ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. ഇരുവരും കളമശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിംഗ് അധ്യാപകരാണ്.
ഇടുക്കി സ്വദേശികളായ മറ്റു 4 കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഉടൻ ബിപിനും അഭിജിത്തും പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ കൂട്ടുകാരും സമീപവാസികളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഏലൂർ അഗ്നിരക്ഷാ സേനയെത്തി അര മണിക്കൂറിനകം അഭിജിത്തിനെയും ബിപിനിനെയും കരയ്ക്കെത്തിച്ചു. മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.