ചില നിര്‍മാതാക്കള്‍ സമരം പ്രഖ്യാപിച്ചത് എംപുരാന്റെ കഥ മനസിലാക്കിയിട്ട് എന്നു സംശയം; അവര്‍ക്ക് ആരെയൊക്കെയോ പ്രീണിപ്പിക്കേണ്ടതുണ്ട് എന്നു തിരിച്ചറിഞ്ഞത് തിയേറ്ററില്‍ കണ്ടപ്പോള്‍; സിനിമക്കാര്‍ നൂറുമുഴം മുമ്പേ എറിയാന്‍ അറിയാവുന്നവര്‍; സുരേഷ് ഗോപിക്കു പിന്നാലെ നിര്‍മാതാവിനെ ഉന്നമിട്ട് ഗണേഷ് കുമാര്‍

കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ചില നിര്‍മാതാക്കളുടെ സമരം ചിലരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനായിരുന്നെന്നും സിനിമയുടെ കഥ അവര്‍ക്കു നേരത്തേ ചോര്‍ന്നുകിട്ടിയെന്നു സംശയിക്കുന്നെന്നും മന്ത്രി ഗണേഷ് കുമാര്‍. രാഷ്ട്രീയക്കാര്‍ ഒരുമുഴം മുമ്പേ കാണുന്നവരാണെന്നാണു പറയുന്നത്. എന്നാല്‍, സിനിമക്കാര്‍ നൂറുമുഴും മുമ്പേമുന്‍കൂട്ടി എറിയാന്‍ അറിയാവുന്നവരാണ്. അവര്‍ക്കിടയില്‍ ജീവിച്ചതുകൊണ്ട് എനിക്കറിയാവുന്നതുപോലെ ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കാന്‍ തക്ക ആരോപണങ്ങളാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തിറങ്ങും.
എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുണ്ടായത്. ഇതിനു പിന്നാലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എഡിറ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ കഥ ചിലര്‍ക്കു മുന്‍കൂട്ടി അറിയാമായിരുന്നു എന്ന ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്. അവര്‍ക്കു കാര്യം സാധിക്കാനുള്ള, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കു മുന്നില്‍ മിടുക്കനാകാനാണ് ഇക്കാര്യം ചെയ്തതെന്നു താന്‍ സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കു ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ ഭീമമായ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം പ്രഖ്യാപിച്ച നിര്‍മാതാവ് ജി. സുരേഷ് കുമാറിനെതിരേ എമ്പുരാന്‍ നിര്‍മതാതാവ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് വന്‍ ചര്‍ച്ചയായിരുന്നു. ‘എല്ലാം ഒകെ അല്ലെ അണ്ണാ’ എന്ന കുറിപ്പോടെ നടനും സംവിധായകനുമായ പൃഥ്വിരാജും ഇതു പങ്കുവച്ചിരുന്നു. ഈ കുറിപ്പ് നിര്‍മാതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി ആന്റണി പിന്‍വലിച്ചെങ്കിലും ഇതുയര്‍ത്തിയ ചര്‍ച്ചകള്‍ ഏറെക്കാലം അന്തരീക്ഷത്തിലുണ്ടായിരുന്നു. സമരം അനാവശ്യമാണെന്നും താരങ്ങളുടെ ശമ്പളം കുറയ്ക്കില്ലെന്നും താരസംഘടനയായ എഎംഎംഎയും അറിയിച്ചിരുന്നു.
‘നമ്മള്‍ ടിക്കറ്റ് എടുത്ത് സിനിമയ്ക്കു കയറിയപ്പോഴാണ് ഈ സിനിമയുടെ കഥ ആര്‍ക്കൊക്കെയോ അറിയാമായിരുന്നു എന്ന സംശയം തോന്നിയത്’ എന്നു പറയുന്ന ഗണേഷ് കുമാര്‍, സിനിമ പുറത്തു വരരുത് എന്ന ഉദ്ദേശ്യത്തോടെയായിരുന്നു എന്നും ആരോപിക്കുന്നു. സമരം പ്രഖ്യാപിച്ചതിനു പിന്നാലെ ഏതു നടന്റെ ശമ്പളമാണ് ഇവര്‍ക്കു കുറയ്ക്കാന്‍ കഴിഞ്ഞത്? ഏതു സംവിധായകന്റെ ശമ്പളം കുറച്ചു? ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുന്നു. അതു പിന്‍വലിക്കുന്നു, ഖേദം പ്രകടിപ്പിക്കുന്നു. ഇതിനായിരുന്നോ സമരമെന്നും അഭിമുഖത്തില്‍ ഗണേഷ് ചോദിക്കുന്നു.
സിനിമയെക്കുറിച്ച് പരസ്യ പ്രതികരണം വേണ്ടെന്നുവച്ച ബിജെപി പിന്നീട് ആര്‍എസ്എസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയത്. ഇത് എമ്പുരാനല്ല, എംബാം പുരാനാണ് എന്നായിരുന്നു ബിജെപി മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പരിഹാസം. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലും തുടര്‍ച്ചയായി ലേഖനം വന്നു. വിവാദം കനത്തതോടെയാണ് ചിത്രത്തിന്റെ സെന്‍സറിംഗ് വീണ്ടും നടത്തി പുറത്തിറക്കേണ്ടിവന്നത്. എന്നാല്‍, എഡിറ്റ് ചെയ്യാത്ത ചിത്രമാണ് വിദേശത്തെ തിയേറ്ററില്‍ ഓടുന്നത്.
ഇതിനു പിന്നാലെ, നിര്‍മാതാക്കളായ ഗോകുലം ഗോപാലനെയും ആന്റണി പെരുമ്പാവൂരിനെയും പൃഥ്വിരാജിനെയും തേടി കേന്ദ്ര ഏജന്‍സികളുടെ കടലാസ് എത്തി. ഗോകുലം ഗോപാലനെ മണിക്കുറുകളോളം ഇഡി ചോദ്യം ചെയ്തു. പൃഥ്വിരാജിനും ആന്റണിക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. ഏറ്റവും മികച്ച നികുതിദായകനുള്ള ആദായ നികുതി വകുപ്പിന്റെ അംഗീകാരം ലഭിച്ച വ്യക്തികൂടിയാണ് പൃഥ്വിരാജ്. ഇതിനുശേഷമാണ് ചില സിനിമകളിലെ പ്രതിഫലത്തിന്റെയും നിര്‍മിച്ച ചിത്രത്തിന്റെയും പേരില്‍ നോട്ടീസ് ലഭിച്ചത്.
അടുത്തിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ നടത്തിയ പരാമര്‍ശവും വന്‍ വിവാദമായിരുന്നു. ‘കമ്മിഷണര്‍ എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ കാറിനു പിന്നില്‍ എസ്പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരത് ചന്ദ്രന്‍ ഐപിഎസ് ആയി അഭിനയിച്ചപ്പോഴായിരുന്നു പൊലീസ് തൊപ്പി കാറിന്റെ പിന്നില്‍ സ്ഥിരമായി വച്ചിരുന്നത്. സാധാരണ ഉന്നത പൊലീസുകാര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ തൊപ്പി ഊരി സീറ്റിന്റെ പിന്നില്‍ വയ്ക്കാറുണ്ട്. അത്തരത്തില്‍ സുരേഷ് ഗോപിയുടെ കാറില്‍ കുറെക്കാലം എസ്പിയുടെ ഐപിഎസ് എന്നെഴുതിയ തൊപ്പി കാറിന്റെ പിന്നില്‍ വച്ചിരുന്നു. അത് ഗ്ലാസിലൂടെ പുറത്തേക്ക് കാണുന്ന തരത്തിലായിരുന്നു വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെ കുറിച്ച് പറയാനുള്ളൂ” – ഗണേഷ് കുമാര്‍ പറഞ്ഞു.
എമ്പുരാനെതിരെ ഇപ്പോള്‍ നടക്കുന്നത് സംഘപരിവാര്‍ ആക്രമണമാണ്. സിനിമയ്‌ക്കെതിരെയുള്ള ആക്രമണം അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണ്. ജനാധിപത്യപരമായ വിമര്‍ശനമാവാം. എന്നാല്‍, അത് ഇങ്ങനെ ആകരുത്. സിനിമ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാക്കില്ല. സിനിമയുടെ പേരിലുള്ള വിവാദം അനാവശ്യമാണ്. സിനിമ കണ്ട് അഭിനയം നന്നായെന്ന് മാത്രം പറയും. എന്ത് പറഞ്ഞാലും വിവാദമാവുകയാണ്. ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന് പറഞ്ഞങ്ങ് പോകും. താന്‍ ഒരുപാട് രാഷ്ട്രീയ സിനിമകളില്‍ അഭിനയിച്ചതാണ്. യുഡിഎഫ് വിരുദ്ധ സിനിമകളായിരുന്നു ഏറെയും. എന്നിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പ് തൃശൂരുകാര്‍ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായി. ഇനി തൃശൂരുകാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് പ്രാര്‍ഥിക്കാമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.