
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും എസ്.എഫ്.ഐക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. അഭിഭാഷകര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയില്‍ എസ്.എഫ്.ഐക്കാര്‍ നുഴഞ്ഞുകയറി പ്രശ്‌നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്കാണ് പരിക്കേറ്റത്. ഇന്നും കോളേജിന് മുന്‍പില്‍ എസ്.എഫ്.ഐക്കാരും അഭിഭാഷകരും തമ്മില്‍ വാക്‌പ്പോര് ഉണ്ടായി. പരസ്പരം കല്ല് വലിച്ചെറിഞ്ഞാണ് ഇരുകൂട്ടരും ആക്ഷേപം നടത്തിയത്. അഭിഭാഷകര്‍ മഹാരാജാസ് കോളേജിലേക്ക് കല്ലെറിഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഭിഭാഷകര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിഭാഷകര്‍ കല്ലും ബിയര്‍ കുപ്പികളും കോളേജിലേക്ക് വലിച്ചെറിയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുളളത്. സംഘര്‍ഷം ഒഴിവാക്കാനെത്തിയെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ത്ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതികരണം. സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐയും ബാര്‍ അസോസിയേഷന്‍ അംഗങ്ങളും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദനത്തില്‍ മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആദില്‍ കുമാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.