
പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ടു. ശിലാഫലകം തകര്‍ത്തിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍, ഇവിടെ ബിജെപി രാഷ്ട്രീയമാണ് കളിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആര്‍എസ്എസ് സ്ഥാപകന്റെ പേരിട്ടത് വളരെ മോശമാണ്. നിയമപ്രകാരം തെറ്റാണ്. കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെക്കാതെയാണ് പേര് നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്‌ഐയും അറിയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭ ആര്‍എസ്എസ് വത്കരിക്കാനുള്ള ബിജെപി ശ്രമത്തെ എന്തുവിലകൊടുത്തും ഡിവൈഎഫ്‌ഐ നേരിടും. കോണ്‍ഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. ആര്‍എസ്എസ് ആയി ജീവിച്ച് ആര്‍എസ്എസ് ആയി മരിച്ച, രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച ഒരു മനുഷ്യന്റെ പേരില്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കുണം. ഇത് എന്ത് വിലകൊടുത്തും നേരിടുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.
ഹെഡ്‌ഗെവാറിന്റെ പേരിടുന്നത് രാഷ്ട്രീയ വിഷയമല്ലെന്ന് ബിജെപി പറയുന്നു. നിരവധി രാഷ്ട്രീയക്കാര്‍ക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്‌ഗെവാറിന്റെ പേരിടുന്നതെന്നും ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിഷേധങ്ങള്‍ക്കിടെ ഭരണസമിതി അംഗങ്ങള്‍ ഉദ്ഘാടനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ചനിലപാടിലാണ്. നാമകരണത്തില്‍നിന്ന് പിന്തിരിയില്ലെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഉണ്ട്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.