
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ അര്‍ധരാത്രി ഏറ്റുമുട്ടി. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 8 അഭിഭാഷകര്‍ക്കും, 2 പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബിയര്‍ ബോട്ടിലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. എന്നാല്‍ പ്രശ്‌നം ഉണ്ടാക്കിയത് വിദ്യാര്‍ത്ഥികളാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.
ബാര്‍ കൌണ്‍സില്‍ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷം. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല.

ബാര്‍ അസോസിയേഷന്‍ പരിപാടിക്കിടെ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് അഭിഭാഷകര്‍ ആരോപിച്ചു. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. അഭിഭാഷകര്‍ മദ്യപിച്ചിരുന്നില്ല എന്നും ബാര്‍ അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.
കോളേജ് ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അഭിഭാഷകര്‍ വന്ന് പ്രശ്‌നമുണ്ടാകുകയായിരുന്നുവെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് ആരോപിച്ചു. പെണ്‍കുട്ടികളെ കടന്നുപിടിച്ചു, വിദ്യാര്‍ഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച ശേഷം പുക ഊതി. അഭിഭാഷകളുടെ മെഡിക്കല്‍ എടുക്കണം എന്നും, നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കും എന്നും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിനന്ദ് പറഞ്ഞു.