CrimeNEWS

കഴുത്തില്‍ തുണിമുറുക്കി ഭാര്യയെ കൊലപ്പെടുത്തി; വിമുക്തഭടന്‍ അറസ്റ്റില്‍, ചുരുളഴിച്ചത് അജ്ഞാത ഫോണ്‍വിളി

ആലപ്പുഴ: കഴുത്തില്‍ തുണിമുറുക്കി സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു. ഇതുമായി ബന്ധപ്പെട്ട് വിമുക്തഭടനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് ‘ഹരിതശ്രീ’യില്‍ സുമി (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഹരിദാസ് പണിക്കരെ (68) ആണ് പട്ടണക്കാട് പോലീസ് അറസ്റ്റുചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സുമി മരിച്ചത്. നടന്നതു മറച്ചുവെച്ച് മരണവിവരം ഹരിദാസാണ് എല്ലാവരെയും അറിയിച്ചത്. അയല്‍വാസികള്‍ വീട്ടിലെത്തുമ്പോള്‍ സുമി മൂക്കില്‍നിന്നു രക്തംവാര്‍ന്നു സെറ്റിയില്‍ കിടക്കുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റാന്‍ പറഞ്ഞെങ്കിലും മരിച്ചതിനാല്‍ അതുവേണ്ടെന്ന നിലപാടിലായിരുന്നു ഹരിദാസ്. ആര്‍ക്കും സംശയം തോന്നാത്ത വിധമായിരുന്നു ഇയാള്‍ ഇടപെട്ടത്.

Signature-ad

രാവിലെ മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസിനു വിവരം കിട്ടി. ഒന്‍പതു മണിയോടെ പോലീസ് വീട്ടിലെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബലപ്രയോഗം നടന്നതായും കൊന്നതാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. രാത്രിയോടെ ഹരിദാസ് പണിക്കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ തുണികൊണ്ട് കഴുത്തുമുറുക്കി കൊന്നുവെന്നാണ് ഇയാളുടെ മൊഴി. ഇരുവരുടെയും പുനര്‍വിവാഹമാണ്. എട്ടുവര്‍ഷം മുന്‍പായിരുന്നു അത്. നാവികസേനയില്‍നിന്നു വിരമിച്ച ഹരിദാസ്പണിക്കരും സുമിയും അഞ്ചുവര്‍ഷം മുന്‍പാണ് കടക്കരപ്പള്ളിയില്‍ വീടുവാങ്ങി താമസിച്ചു തുടങ്ങിയത്. മുന്‍പ് എരമല്ലൂരിലായിരുന്നു.

ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പോലീസിനു വിവരംലഭിച്ചു. പ്രതിയുമായി പോലീസ് വീട്ടിലെത്തി തെളിവെടുത്തു. ബുധനാഴ്ച രാത്രിയില്‍ത്തന്നെ സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. പട്ടണക്കാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ജയന്‍, സബ് ഇന്‍സ്‌പെക്ടര്‍ ജി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

സാധാരണമരണമെന്ന് നാട്ടുകാരും ബന്ധുക്കളും കരുതിയ സംഭവം കൊലപാതകമായി മാറിയതിനു പിന്നില്‍ പോലീസിനു ചെന്ന അജ്ഞാത ഫോണ്‍വിളിയാണ്. തുടര്‍ന്ന് പോലീസ് നടത്തിയ നീക്കങ്ങളാണ് ഭര്‍ത്താവ് ഹരിദാസ് പണിക്കരെ കുടുക്കിയത്. സുമിയുടെ മരണം കൊലപാതകമെന്നു പുറത്തറിയുന്നത് പോലീസ് പ്രതിയെ പിടികൂടിയതോടെയാണ്. ആ ഫോണ്‍വിളിയില്ലായിരുന്നെങ്കില്‍ ഇതൊരു സാധാരണ മരണമായി മാറിയേനേ. ഭാര്യയുടെ മരണം എല്ലാവരെയും അറിയിച്ചും സംസ്‌കാരത്തിനായി ക്രമീകരണങ്ങളൊരുക്കിയും മുന്നില്‍നിന്ന ഹരിദാസ് പണിക്കര്‍ കൊലയാളിയാണെന്ന് ആരും സംശയിച്ചിരുന്നില്ല.

ബുധനാഴ്ച 1.15-നു ശേഷമാണ് സമീപത്തുള്ള വീട്ടിലെത്തി ഹരിദാസ് പണിക്കര്‍, ഭാര്യ സുമി വീടിനുള്ളില്‍ അനക്കമില്ലാതെ കിടക്കുന്നതായി പറഞ്ഞത്. ഭാര്യ മരിച്ചെന്ന് ബന്ധുക്കളെയും ഇയാള്‍തന്നെ അറിയിച്ചു. വീട്ടിലെത്തിയ ബന്ധുക്കള്‍ക്കും മരണത്തില്‍ സംശയമുണ്ടായില്ല. സംസ്‌കാരം ബുധനാഴ്ച വൈകിട്ടു നടത്താന്‍ തീരുമാനിച്ചു. ഇതിനിടയിലാണ് പട്ടണക്കാട് പോലീസില്‍ സുമിയുടെ മരണത്തില്‍ സംശയമുണ്ടെന്നറിയിച്ചുകൊണ്ട് പേരു വെളിപ്പെടുത്താതെ ഫോണ്‍വിളിയെത്തിയത്.

തുടര്‍ന്ന്, പട്ടണക്കാട് സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ജയന്റെയും എസ്ഐ ജി. അജിത്കുമാറിന്റെയും നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഹരിദാസ് പണിക്കരോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും അസ്വാഭാവികമായി ഒന്നുമില്ലെന്നുപറഞ്ഞ് ഒഴിയുകയായിരുന്നു. എന്നാല്‍, പോലീസ് നിരീക്ഷണം തുടര്‍ന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പോലീസ് കര്‍ശന നിലപാടെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമെന്നു തെളിഞ്ഞത്. കുടുങ്ങിയെന്നു കണ്ടതോടെ ചോദ്യംചെയ്യലില്‍ ഇയാള്‍ നടന്ന കാര്യങ്ങള്‍ പോലീസിനു മുന്നില്‍ പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ത്തന്നെ കഴുത്തില്‍ പാടുകള്‍ കണ്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ചപ്പോള്‍ ഡോക്ടറുടെ പ്രാഥമിക പരിശോധനയില്‍ത്തന്നെ പാടുകള്‍ക്കു പിന്നില്‍ ബലപ്രയോഗത്തിന്റെ സാധ്യതകള്‍ കണ്ടു. പരിശോധനയില്‍ കൊലപാതകം വ്യക്തമായി. സുമി മരിക്കുകയും ഭര്‍ത്താവ് അറസ്റ്റിലാകുകയും ചെയ്തതോടെ ഹരിതശ്രീ വീട് ശൂന്യമായി. അഞ്ചുവര്‍ഷം മുന്‍പ് ഇവിടെയെത്തിയ ഇരുവരും സമീപവാസികളുമായി അത്ര അടുത്തിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: