Breaking NewsCrimeIndiaLead NewsNEWS

ഇന്ത്യലെത്തിച്ച ഇസ്ലാമിക തീവ്രവാദി തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ; തൂക്കിലേറ്റണമെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സുബേദാര്‍ മേജര്‍ പി.വി. മനേഷ്; റാണയെ ഇന്ത്യയില്‍ എത്തിച്ചത് 15 വര്‍ഷത്തെ അമേരിക്കന്‍ തടവിനുശേഷം

മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. എന്‍ഐഎ ചിത്രങ്ങള്‍ പുറത്തുവിട്ടു. തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെ സംഘമാണ് റാണയെ ഇന്ത്യയിലെത്തിച്ചതെന്ന് എന്‍ഐഎ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ലഷ്‌കറെ തോയ്ബ, ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഇസ്ലാമി തുടങ്ങിയ സംഘടനയുമായി ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയതെന്നും ഇരു സംഘടനകളെയും ഇന്ത്യ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു.

Signature-ad

ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വര്‍ഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ ഒറ്റ വിചാരണയാക്കും. റാണയെ ഇന്ത്യയില്‍ എത്തിച്ചതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ്. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്.

പാക്ക് വംശജനായ കനേഡിയന്‍ വ്യവസായിയായ റാണയ്ക്കു ലഷ്‌കറെ തയിബയും ഐഎസ്ഐയുമായും അടുത്ത ബന്ധമുണ്ട്. ആറു യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത അനുയായി. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.

ഹെഡ്‌ലിയുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തില്‍നിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുവഹിച്ച ഐഎസ്ഐക്കാരനായ മേജര്‍ ഇക്ബാലുമായി നേരിട്ടു ബന്ധം. ലഷ്‌കറിനെ സഹായിച്ച കേസില്‍ റാണ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. മുംബൈ ഭീകരാക്രമണം നടത്തുന്നതില്‍ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.

 

Back to top button
error: