മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നാടുമുഴുവന്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ കണ്ണീര്‍ വാര്‍ത്ത

തൃശൂര്‍: മാളയില്‍ കാണാതായ ആറുവയസുകാരന്‍ കുളത്തില്‍ മരിച്ചനിലയില്‍. കുഴൂര്‍ സ്വര്‍ണപ്പള്ളം മഞ്ഞളി അജീഷിന്റെ മകന്‍ ഏബല്‍ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരനായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം മുതലാണ് ഏബലിനെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു.

കുട്ടി യുവാവിനൊപ്പം കളിക്കുന്നതും പിന്നീട് ഇയാള്‍ക്കു പിന്നാലെ കുട്ടി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തില്‍ ഉണ്ടെന്ന് ഇയാള്‍ പറയുന്നത്. ഇതനുസരിച്ച് പൊലീസ് തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
താണിശ്ശേരി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മരിച്ച ഏബല്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പിടിക്കപ്പെട്ടയാളാണ് കസ്റ്റഡിയിലുള്ള യുവാവ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.