ചങ്കല്ല ചൈന! മറ്റു രാജ്യങ്ങളുടെ ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചപ്പോള്‍ ചൈനയ്ക്കു 125 ശതമാനമാക്കി ഉയര്‍ത്തി; ചൊടിപ്പിച്ചത് തിരിച്ചടി നയം; ഇന്ത്യക്ക് താത്കാലിക ആശ്വാസം; ഇരുണ്ടുവെളുത്തപ്പോള്‍ ആകെ പൊടിപൂരം

വാഷിങ്ടണ്‍: വ്യാപാര യുദ്ധത്തില്‍ ചൈനയോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന പകരച്ചുങ്കം 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. എന്നാല്‍ ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ക്ക് അടിസ്ഥാന തീരുവ 10 ശതമാനമായിരിക്കും. അധികമായി ചുമത്തിയ തീരുവയാണ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം അറിയിച്ചത്.
വ്യാപാര യുദ്ധം കനക്കുന്നതിനിടെ ചൈനയ്ക്ക് ബുധനാഴ്ച 104 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അതേനാണയത്തില്‍ ചൈന തിരിച്ചടിച്ചു. യുഎസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ചരക്കിന് ചൈന 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഇത് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.01-ന് നിലവില്‍വരുമെന്നും അറിയിച്ചു. ഈ പ്രഖ്യാപനം നടത്തി 24 മണിക്കൂര്‍ പിന്നിടുംമുമ്പാണ് യുഎസ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ വീണ്ടും ഉയര്‍ത്തി 125 ശതമാനത്തിലെത്തിച്ചിരിക്കുന്നത്.

വ്യാപാര പങ്കാളികളുള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ക്ക് ട്രംപ് പകരച്ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ബുധനാഴ്ച നിലവില്‍വരികയും ചെയ്തിരുന്നു. അതാണിപ്പോള്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇന്ത്യക്ക് യുഎസ് ചുമത്തിയത് 26 ശതമാനമായിരുന്നു. ചൈനയ്ക്ക് 34 ശതമാനവും. എന്നാല്‍, അതിനുമുന്‍പ് രണ്ടുതവണയായി ചുമത്തിയ 10 ശതമാനം വീതം തീരുവകൂടിചേര്‍ന്നപ്പോള്‍ അത് 54 ശതമാനമായി. ഇതിനുള്ള മറുപടിയായി ചൈന യുഎസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തി. അത് ബുധനാഴ്ച നിലവില്‍വരുമെന്ന് പ്രഖ്യാപിച്ചു.
കുപിതനായ ട്രംപ്, ചൊവ്വാഴ്ച ചൈനയ്ക്ക് 50 ശതമാനം തീരുവകൂടി ചുമത്തി. അതോടെയാണ് ചൈന യുഎസിനു നല്‍കേണ്ട ഇറക്കുമതിത്തീരുവ 104 ശതമാനമായി. ഇത് ബുധനാഴ്ച നിലവില്‍വരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രതികാരനടപടിയായി യുഎസ് ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തുന്നതായി ചൈനീസ് ധനമന്ത്രാലയം അറിയിച്ചത്. മണിക്കൂറുകള്‍ക്കകം ചൈനയ്ക്കുള്ള തീരുവ 125 ശതമാനമാക്കി ട്രംപ് തിരിച്ചടിക്കുകയും ചെയ്തു. ചൈന ഇതിനോട് ഇനി എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.
നേരത്തേ, ഞങ്ങളെ സമ്മര്‍ദത്തിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ശരിയായ മര്‍ഗമല്ലെന്ന് ഒട്ടേറെ തവണ ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിയമാനുസൃത അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക തന്നെ ചെയ്യും എന്നായിരുന്നു യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞത്. ചൈനീസ് ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോയാല്‍ യുഎസിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. സ്വന്തം അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ യുഎസിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് വക്താവ് സൂചിപ്പിച്ചു.
യുഎസിന്റെ പകരം തീരുവകള്‍ ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം കുറ്റപ്പെടുത്തി. ”ചൈന സ്വീകരിച്ച പ്രതിരോധ നടപടികള്‍ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യാന്തര വ്യാപാര ക്രമം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. അവ പൂര്‍ണമായും നിയമാനുസൃതമാണ്. ചൈനയ്ക്കുള്ള തീരുവ വര്‍ധിപ്പിക്കുമെന്ന യുഎസ് ഭീഷണി ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റ് ചെയ്യലാണ്. ചൈന ഒരിക്കലും ഇത് അംഗീകരിക്കില്ല. യുഎസ് പ്രതികാര നടപടികളില്‍ ഉറച്ചുനിന്നാല്‍ ചൈന അതിനെതിരെ അവസാനം വരെ പോരാടും,” ചൈനീസ് മന്ത്രാലയം അറിയിച്ചു.
പ്രഖ്യാപിച്ച പകരംതീരുവ 90 ദിവസത്തേക്കു മരവിപ്പിക്കുമെന്ന പ്രചാരണം വ്യാജമാണെന്നും അത്തരമൊരു നടപടിയില്ലെന്നും വൈറ്റ്ഹൗസ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ തീരുമാനത്തിലേക്കു ട്രംപ് എത്തിയെന്നു വേണം കണക്കുകൂട്ടാന്‍.
അതേസമയം, ട്രംപിന്റെ തീരുവ വര്‍ധിപ്പിക്കല്‍ ഇന്ത്യയില്‍നിന്നു തൊഴില്‍ സ്വപ്‌നവുമായി അമേരിക്കയിലെത്തുന്നവര്‍ക്കും വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. യൂറോപ്യന്‍ യൂണിയനുമായുള്ള തര്‍ക്കങ്ങള്‍ നേരത്തെതന്നെ തൊഴില്‍ മേഖലയെ അടിമുടി ഉലച്ചിരുന്നു. പുതിയ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ഉള്ളവരെ ഒഴിവാക്കുന്നതും ഏറ്റവും കൂടുതല്‍ ബാധിക്കുക കുടിയേറ്റക്കാരെയാണ്. പഠനത്തിനൊപ്പം ജോലിയെന്ന ആകര്‍ഷണത്തില്‍ എത്തിയവരും കടുത്ത ആശങ്കയിലാണ്. ട്രംപിന്റെ നയത്തില്‍ ചോക്ലേറ്റുമുതല്‍ സകല ഉത്പന്നങ്ങള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇത് ആളുകളുടെ കുടംബ ബജറ്റിനെ ബാധിച്ചതോടെ ആയിരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെരുവില്‍ ഇറങ്ങിയത്.