Breaking NewsLead NewsSportsTRENDING

ബാറ്റിംഗിലെ മെല്ലെപ്പോക്കിനു പരിഹാരമായി; തകര്‍ത്തടിച്ചിട്ടും തകര്‍ന്നു ചെന്നൈ; മുന്നോട്ടുള്ള സാധ്യതകളും മങ്ങുന്നു; ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും പരാജയമായി ഋതുരാജ്; പഞ്ചാബിന് സൂപ്പര്‍ വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലാം തോല്‍വിയിലേക്കു തള്ളിവിട്ട് പഞ്ചാബ് കിങ്‌സ്. 18 റണ്‍സ് വിജയമാണ് പഞ്ചാബ് കിങ്‌സ് ഹോം ഗ്രൗണ്ടില്‍ സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാന്‍ മാത്രമാണു സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ചറി നേടിയെങ്കിലും ചെന്നൈയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 49 പന്തുകള്‍ നേരിട്ട ചെന്നൈ ഓപ്പണര്‍ 69 റണ്‍സെടുത്തു. 27 പന്തുകള്‍ നേരിട്ട ശിവം ദുബെ 42 റണ്‍സടിച്ചു പുറത്തായി. തകര്‍ത്തടിച്ച ധോണി 12 പന്തില്‍ 27 റണ്‍സെടുത്തു പുറത്തായി.

https://x.com/i/status/1909633478041243948

Signature-ad

ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് കോണ്‍വെയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് അടിച്ചത്. 23 പന്തില്‍ 36 റണ്‍സെടുത്ത രചിനെ മാക്‌സ്‌വെല്ലിന്റെ പന്തില്‍ പഞ്ചാബ് കീപ്പര്‍ പ്രബ്‌സിമ്രന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ഒരു റണ്‍ മാത്രമാണു നേടിയത്. എന്നാല്‍ പിന്നാലെയെത്തിയ ശിവം ദുബെ തകര്‍ത്തടിച്ചതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 151 ല്‍ നില്‍ക്കെ ശിവം ദുബെയെ ലോക്കി ഫെര്‍ഗൂസന്‍ ബോള്‍ഡാക്കി.

 

 

കോണ്‍വെ റിട്ടയേഡ് ഔട്ടായതോടെ പകരക്കാരനായി രവീന്ദ്ര ജഡേജയാണു ക്രീസിലെത്തിയത്. നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ധോണി ലോക്കി ഫെര്‍ഗൂസനെ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തി ചെന്നൈയ്ക്കു വിജയ പ്രതീക്ഷ നല്‍കി. അവസാന 12 പന്തില്‍ 43 റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ യാഷ് ദയാലിന്റെ 20ാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച ധോണിയെ ചെഹല്‍ ക്യാച്ചെടുത്തു പുറത്താക്കി. രവീന്ദ്ര ജഡേജ ഒന്‍പതു റണ്‍സുമായി പുറത്താകാതെനിന്നു. 20 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ചെന്നൈയുടെ പോരാട്ടം 201 റണ്‍സില്‍ അവസാനിച്ചു. പോയിന്റ് പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. ഓപ്പണിങ് ബാറ്റര്‍ പ്രിയാന്‍ഷ് ആര്യ സെഞ്ചറി നേടി പുറത്തായി. 42 പന്തുകള്‍ നേരിട്ട താരം 103 റണ്‍സെടുത്തു. ദയനീയമായ തുടക്കമായിരുന്നു പഞ്ചാബ് കിങ്‌സിനു ലഭിച്ചത്. ഒരു ഭാഗത്ത് പ്രിയാന്‍ഷ് തകര്‍ത്തടിച്ചപ്പോഴും അഞ്ച് മുന്‍നിര വിക്കറ്റുകളാണ് തുടര്‍ച്ചയായി വീണത്. പ്രബ്‌സിമ്രന്‍ സിങ് (പൂജ്യം), ശ്രേയസ് അയ്യര്‍ (ഒന്‍പത്), മാര്‍കസ് സ്റ്റോയ്‌നിസ് (നാല്), നേഹല്‍ വധേര (ഒന്‍പത്), ഗ്ലെന്‍ മാക്‌സ്വെല്‍ (ഒന്ന്) എന്നിവരാണ് അതിവേഗം പുറത്തായ പഞ്ചാബ് ബാറ്റര്‍മാര്‍.

ചെറിയ സ്‌കോറിന് പഞ്ചാബ് വീണു പോകുമെന്നു ഭയന്നിരിക്കെ പ്രിയാന്‍ഷിനു കൂട്ടായി ശശാങ്ക് സിങ്ങുമെത്തി. ആദ്യ 19 പന്തില്‍ അര്‍ധ സെഞ്ചറി പിന്നിട്ട പ്രിയാന്‍ഷ് 39 പന്തില്‍ കരിയറിലെ ആദ്യ ഐപിഎല്‍ സെഞ്ചറി തികച്ചു. 35 പന്തില്‍ 80 റണ്‍സെന്ന നിലയില്‍നിന്ന് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനയെ തുടര്‍ച്ചയായി മൂന്നു സിക്‌സറുകളും ഒരു ഫോറും തൂക്കിയാണ് ഇന്ത്യന്‍ യുവതാരം 100 പിന്നിട്ടത്. നൂര്‍ അഹമ്മദിന്റെ 14ാം ഓവറില്‍ വിജയ് ശങ്കര്‍ ക്യാച്ചെടുത്ത് താരം പുറത്താകുമ്പോഴേക്കും, പഞ്ചാബ് സുരക്ഷിതമായ നിലയിലെത്തി.

പിന്നാലെയെത്തിയ മാര്‍കോ യാന്‍സനെ കൂട്ടുപിടിച്ച് ശശാങ്ക് സിങ് പഞ്ചാബിനെ 200 കടത്തി. 36 പന്തുകള്‍ നേരിട്ട ശശാങ്ക് സിങ് 52 റണ്‍സെടുത്തു. മാര്‍കോ യാന്‍സന്‍ 19 പന്തില്‍ 34 റണ്‍സും എടുത്തു പുറത്താകാതെനിന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആര്‍. അശ്വിനും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ചേസിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Back to top button
error: