Breaking NewsIndiaNEWSSportsTRENDING

ഫ്‌ളവറല്ല, ഫയര്‍! 2024ലെ കണ്ണീരിനു ഫലം കണ്ടു; പതിറ്റാണ്ടിനുശേഷം വാങ്കഡെയില്‍ ആര്‍സിബിക്ക് മധുര പ്രതികാരം; തീപ്പൊരിയായി ബാറ്റ്‌സ്മാന്‍മാര്‍; അടിമുടി ഫോമില്‍ ടീം

ബംഗളുരു: പത്തുവര്‍ഷത്തിനുശേഷം മുംബൈയെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ആര്‍സിബിയുടെ മുന്നേറ്റം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി.

ഏറ്റവുമൊടുവില്‍ വാങ്കഡെയില്‍ ചേസിംഗിനിടെ വീണുപോയ ആര്‍സിബിയുടെ തിരിച്ചുവരവ് ഇനി കാണാനുള്ള കളിയെന്തെന്നുള്ളതിന്റെ വ്യക്തമായ സൂചനയായി. മുംബൈയ്‌ക്കെതിരേ അവസാന ആറുകളിയിലും വീണുപോയ ആര്‍സിബി, ഇതില്‍ അഞ്ചിലും തോറ്റത് വന്‍ മാര്‍ജിനിലായിരുന്നു. 2024ലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ‘വേക്കപ്പ് കോള്‍’ ആയിരുന്നു. ബാറ്റിംഗില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ കര പറ്റില്ലെന്നു വിമര്‍ശനമുണ്ടായി. ആ ഗെയിമില്‍ ആര്‍സിബി 196 റണ്‍സ് അടിച്ചെങ്കിലും 27 ബോള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ അടിച്ചെടുത്തത്.

Signature-ad

https://x.com/i/status/1909313713053876586

ബൗളര്‍മാര്‍ക്കു സമ്മര്‍ദം നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്നു അന്നത്തെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിസ് മുന്നയിപ്പും നല്‍കി. ഇതിനു മുമ്പ് 2023 ല്‍ വാങ്കഡെയില്‍ കളിച്ചപ്പോഴെല്ലാം 200 കടന്നത് രണ്ടുവട്ടം മാത്രമാണ്. 13 തവണ ആദ്യം ബാറ്റ് ചെയ്തു. ഇക്കുറി ഈ പാഠങ്ങളെല്ലാം മനസില്‍ ഉള്‍ക്കൊണ്ടാണ് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നത്. ബാറ്റ്‌സ്മാന്‍മാര്‍ ഗംഭീര പ്രകടനം പുറത്തെടുത്തു.

29 പന്തില്‍ 56 റണ്‍സെടുത്ത തിലക് വര്‍മയാണ് മറുപടിയില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍. 15 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം മുംബൈയുടെ തോല്‍വി ഭാരം കുറച്ചു. മറുപടി ബാറ്റിങ്ങില്‍ മുംബൈയുടെ തുടക്കം മന്ദഗതിയിലായിരുന്നു. കളിയില്‍ തിരിച്ചടിയായതും അതാണ്. 79 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ (17), റയാന്‍ റിക്കിള്‍ട്ടന്‍ (17), വില്‍ ജാക്‌സ് (22) എന്നിവരെ നഷ്ടമായ മുംബൈ 12.2 ഓവറിലാണ് 100 പിന്നിടുന്നത്. 28 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് യാഷ് ദയാലിന്റെ പന്തില്‍ പുറത്തായതോടെ മുംബൈ തോല്‍വി മണത്തു. എന്നാല്‍ തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും കത്തിക്കയറിയതോടെ മുംബൈയ്ക്ക് വീണ്ടും പ്രതീക്ഷയായി. 26 പന്തില്‍ തിലക് വര്‍മ അര്‍ധ സെഞ്ചറി തികച്ചു.

https://x.com/IPL/status/1909310118627340574

സ്‌കോര്‍ 188ല്‍ നില്‍ക്കെ തിലക് വര്‍മ പുറത്തായത് മുംബൈയ്ക്കു തിരിച്ചടിയായി. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്താണ് തിലക് പുറത്താകുന്നത്. അവസാന 12 പന്തില്‍ 28 റണ്‍സായിരുന്നു മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഷ് ഹെയ്സല്‍വുഡിന്റെ 18ാം ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ മുംബൈ തോല്‍വി ഉറപ്പിച്ച മട്ടായി. ഹെയ്‌സല്‍വുഡിന്റെ 19ാം ഓവറില്‍ ഒന്‍പതു റണ്‍സ് മാത്രമാണ് മുംബൈ നേടിയത്. ക്രുനാല്‍ പാണ്ഡ്യയുടെ 20ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ മിച്ചല്‍ സാന്റ്‌നര്‍ പുറത്തായി. രണ്ടാം പന്തില്‍ സിക്‌സടിക്കാന്‍ ശ്രമിച്ച ദീപക് ചാഹറെ ടിം ഡേവിഡ് ക്യാച്ചെടുത്തു മടക്കി. ക്രുനാല്‍ പിടിച്ചെറിഞ്ഞതോടെ ഒരു ഫോര്‍ ഉള്‍പ്പടെ ഈ ഓവറില്‍ വഴങ്ങിയത് ആറു റണ്‍സ് മാത്രം. ആര്‍സിബിക്ക് 12 റണ്‍സ് വിജയം. ബെംഗളൂരുവിനായി ക്രുനാല്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്കു രണ്ടു വിക്കറ്റുകള്‍ വീതമുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരു 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. വിരാട് കോലി 42 പന്തില്‍ 67 റണ്‍സും രജത് പാട്ടീദാര്‍ 32 പന്തില്‍ 64 റണ്‍സും നേടി പുറത്തായി. ജിതേഷ് ശര്‍മ (19 പന്തില്‍ 40), ദേവ്ദത്ത് പടിക്കല്‍ (22 പന്തില്‍ 37) എന്നിവരും ആര്‍സിബിക്കായി തിളങ്ങി. തുടക്കത്തില്‍ തന്നെ ഫില്‍ സോള്‍ട്ടിനെ (നാല്) നഷ്ടമായ ആര്‍സിബിക്ക് കരുത്തായത് വിരാട് കോലി ദേവ്ദത്ത് പടിക്കല്‍ സഖ്യമായിരുന്നു. തകര്‍ത്തടിച്ച കോലി 29 പന്തില്‍ അര്‍ധ സെഞ്ചറിയിലെത്തി. ഇരുവരും ചേര്‍ന്ന 91 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത് മലയാളി താരം വിഘ്‌നേഷ് പുത്തൂരായിരുന്നു. ദേവ്ദത്ത് പടിക്കലിനെ വിഘ്‌നേഷിന്റെ പന്തില്‍ വില്‍ ജാക്‌സ് ക്യാച്ചെടുത്തു പുറത്താക്കി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ പാട്ടീദാറും തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ബെംഗളൂരുവിന് പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സ്‌കോര്‍ 143 ല്‍ നില്‍ക്കെ കോലിയെ ഹാര്‍ദിക് പാണ്ഡ്യ വീഴ്ത്തി. തൊട്ടുപിന്നാലെ ലിയാം ലിവിങ്സ്റ്റനും പൂജ്യത്തിനു മടങ്ങി. 18.1 ഓവറിലാണ് ആര്‍സിബി സീസണില്‍ ആദ്യത്തെ 200 റണ്‍സ് പിന്നിടുന്നത്. ട്രെന്റ് ബോള്‍ട്ടിന്റെ 19ാം ഓവറിലെ അവസാന പന്തില്‍ രജത് പാട്ടീദാര്‍ പുറത്തായി. മടങ്ങിവരവിലെ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. നാലോവറുകള്‍ പന്തെറിഞ്ഞ താരം 29 റണ്‍സ് വഴങ്ങി. ട്രെന്റ് ബോള്‍ട്ടും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: