ബില്ലുകളുടെ മുകളില്‍ അടയിരിക്കരുത്; രാഷ്ട്രീയ ഉപകരണമായി മാറരുത്; തമിഴ്‌നാട് ഗവര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാരിന്റെ പത്തു ബില്ലുകള്‍ ഒറ്റയടിക്കു പാസാക്കി; കേരളത്തിനും നിര്‍ണായകമാകുന്ന വിധി

ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

തമിഴ്‌നാട് നിയമസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാല്‍ ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിച്ച തുടര്‍നടപടികള്‍ നിലനില്‍ക്കില്ല. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. സംസ്ഥാന നിയമസഭയില്‍ വീണ്ടും ബില്ലുകള്‍ പാസാക്കിയ ശേഷം അവതരിപ്പിക്കുമ്പോള്‍ പത്ത് ബില്ലുകള്‍ക്കും ഗവര്‍ണറുടെ അനുമതി ലഭിച്ചതായി കണക്കാക്കുമെന്ന് കോടതി അറിയിച്ചു.
ഭരണഘടന ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം നല്‍കുന്നില്ല.അനിശ്ചിതകാലം ബില്ലില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്കാകില്ല. മൂന്നുമാസത്തിനകം തീരുമാനമെടുക്കണം. സഭ വീണ്ടും പാസാക്കിയ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കേണ്ടതില്ല. ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ബില്ലുകളിലെ ഗവര്‍ണര്‍മാരുടെ നടപടി ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നും വിധിയില്‍ പറയുന്നു. ശക്തമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയത്. വിധി കേരളത്തിനും നിര്‍ണായകമാകുമെന്നാണു വിലയിരുത്തല്‍. നേരത്തേ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ലുകള്‍ അനിശ്ചിതമായി നീട്ടുകയും രാഷ്ട്രപതിക്ക് അയയ്ക്കുകയും തള്ളുകയും ചെയ്തിരുന്നു. ഇതിനു സമാനമായി ഇപ്പോഴത്തെ ഗവര്‍ണറും പ്രവര്‍ത്തിക്കുന്നെന്ന പരാതിയുണ്ട്.