
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരായ പരാതികളില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂര്‍ണ ബോധ്യമായാല്‍ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം.
രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം. ഇക്കാലയളവില്‍ അറസ്റ്റ് ചെയ്യരുത്. വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു ലഭിക്കുന്ന പരാതികളില്‍ വിശദപരിശോധന ആവശ്യമാണ്. 3 മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അധ്യാപകര്‍ക്കുമേല്‍ ചുമത്തുന്നതെങ്കില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാവണം പ്രാഥമികാന്വേഷണം.

നിലവില്‍, സംസ്ഥാനത്തെ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമെതിരെ 72 പോക്‌സോ കേസുകളുണ്ട്. ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനടക്കം വകുപ്പുതല നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണു സ്വീകരിക്കേണ്ടത്.