CrimeNEWS

കാസര്‍ഗോട്ട് തല്ലുമാല പ്രോമാക്‌സ്! വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലി തര്‍ക്കം: മുഖത്ത് തിളച്ച ചായ ഒഴിച്ചു, കത്തിക്കുത്ത്, ഒടുവില്‍ കുരുമുളക് സ്‌പ്രേയും

കാസര്‍ഗോഡ്: ചെര്‍ക്കള വീട്ടുമുറ്റത്ത് പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിതാവിനും മകനും ഉള്‍പ്പെടെ നാലു പേര്‍ക്കു വെട്ടേറ്റു. ചെങ്കള സിറ്റിസന്‍ നഗര്‍ ഫയാസ് വില്ലയിലെ ഇബ്രാഹിം സൈനുദ്ദീന്‍ (62), മകന്‍ ഫയാസ് വില്ലയിലെ ഫവാസ്(20), ആലംപാടി മടവൂര്‍ റോഡ് തൈവളപ്പിലെ റസാഖ് മുഹമ്മദ് (50), സിറ്റിസന്‍ നഗര്‍ തൈവളപ്പ് ഫയാസ് വില്ലയിലെ ടി.എം.മുന്‍ഷീദ് (28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സാരമായ പരുക്കേറ്റ ഫവാസ് മംഗളൂരുവിലും മറ്റുള്ളവര്‍ നാലാം മൈല്‍ സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 5 പേര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. എറമാളത്തെ അബ്ദുല്‍ ഖാദര്‍(24), മുഹമ്മദ് അസറുദ്ദീന്‍(29), മൊയ്തു(68) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാം മൈലില്‍ സഹകരണ ആശുപത്രിക്കു സമീപത്ത് കഴിഞ്ഞ ദിവസം രാത്രി 11.15ന് ആയിരുന്നു അക്രമം. നാലാം മൈലിലെ മുന്‍ പ്രവാസി കൂടിയായ കെ.സി.മുസ്തഫയുടെ വീടിനു മുന്നില്‍ തൈവളപ്പ് എരുമാളത്തുള്ള യുവാക്കളെത്തി പടക്കം പൊട്ടിക്കുന്നത് വീട്ടുടമസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പാടില്ലെന്നു പറഞ്ഞിരുന്നു. ഇതിനെ സമീപത്തുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ തട്ടുകടയില്‍നിന്ന് ചായകുടിക്കുകയായിരുന്ന പടക്കം പൊട്ടിച്ചവരിലൊരാള്‍ മുഹമ്മദ് ഫവാസിന്റെ മുഖത്തേക്ക് തിളച്ച ചായ ഒഴിക്കുകയായിരുന്നു. ഈ പ്രശ്‌നം പറഞ്ഞു തീര്‍ക്കുകയും പടക്കം പൊട്ടിച്ചവരെ പറഞ്ഞുവിടുകയും ചെയ്തു.

Signature-ad

സംഭവം ഫോണിലൂടെ പറഞ്ഞറിഞ്ഞ് സ്ഥലത്തെത്തിയ ഇബ്രാഹിം സൈനുദ്ദീനും ബന്ധുക്കളും മുഹമ്മദ് ഫവാസിനെയും കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഘം അക്രമിച്ചതെന്നു പറയുന്നു. ഇവര്‍ക്കു പിന്നാലെ എറമാളത്തുനിന്ന് വടിവാളുകളും കത്തികളുമായെത്തിയ പത്തോളം പേര്‍ മുഹമ്മദ് ഫവാസിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേയടിച്ച് അക്രമിക്കുകയായിരുന്നുവെന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്.

പ്രതികള്‍ പടക്കം പൊട്ടിച്ചത് തന്റെ മകനും സുഹൃത്തുക്കളും ചോദ്യം ചെയ്ത വിരോധമാണ് അക്രമത്തിനു കാരണമെന്നു ഇബ്രാഹിം സൈനുദ്ദീന്‍ മൊഴി നല്‍കി. ഇബ്രാഹിം സൈനുദ്ദീന്റെ തലയില്‍ കത്തികൊണ്ട് മൂന്നു തവണ കുത്തുന്നത് ഉള്‍പ്പെടെയുള്ള അക്രമദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

Back to top button
error: