മുംബൈ ഭീകരാക്രമണം: ഇന്ത്യക്കു കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി; പാക് വംശജനായ കനേഡിയന്‍ വ്യവസായിക്ക് തീവ്രവാദികളുമായി അടുത്ത ബന്ധം; ഇനി ഇന്ത്യയില്‍ വിചാരണ നേരിടണം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്.

റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യു.എസ്. സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു റാണ അപേക്ഷ സമര്‍പ്പിച്ചത്.
പാക്ക് വംശജനായ കനേഡിയന്‍ വ്യവസായിയായ റാണയ്ക്കു ലഷ്‌കറെ തയിബയും ഐഎസ്‌ഐയുമായും അടുത്ത ബന്ധമുണ്ട്. ആറു യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായി. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.
ഹെഡ്ലിയുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തില്‍നിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുവഹിച്ച ഐഎസ്‌ഐക്കാരനായ മേജര്‍ ഇക്ബാലുമായി നേരിട്ടു ബന്ധം. ലഷ്‌കറിനെ സഹായിച്ച കേസില്‍ റാണ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. മുംബൈ ഭീകരാക്രമണം നടത്തുന്നതില്‍ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോള്‍ ലൊസാഞ്ചലസ് ജയിലില്‍.
മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.