വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം; കേസെടുക്കാനാകില്ലെന്ന് പോലീസ്; ചുങ്കത്തറയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് നിയമോപദേശം

മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.
എടക്കര പൊലീസിനാണ് കേസെടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു.

എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.