
നാഗര്‍കോവില്‍: കന്യാകുമാരിയില്‍ മധ്യവേനലവധി സീസണ്‍ 15ന് ആരംഭിക്കും. വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ത്രിവേണി സംഗമ തീരം. വര്‍ഷത്തില്‍ എല്ലാ സമയത്തും കന്യാകുമാരിയില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ടെങ്കിലും അധികം സന്ദര്‍ശകര്‍ എത്തുന്നത് നവംബര്‍ മുതല്‍ ജനുവരിവരെയുള്ള മാസങ്ങളിലാണ്. ശബരിമല തീര്‍ഥാടന കാലമായതിനാലാണിത്.. അതുകഴിഞ്ഞാല്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത് മധ്യ വേനലവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളിലാണ്.തമിഴ്‌നാട്ടില്‍ പ്ലസ്ടു പൊതു പരീക്ഷ അവസാനിച്ചെങ്കിലും എസ്എസ്എല്‍സിയും 6 മുതല്‍ 9 വരെയുള്ള പരീക്ഷകളും നടന്നു വരുന്നു.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ അവസാനിച്ചു കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ വന്‍ തിരക്കായിരിക്കും. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒട്ടേറെപ്പേര്‍ കന്യാകുമാരി സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. ഭഗവതി അമ്മന്‍ ക്ഷേത്രം, തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രം, വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്ക്കുമിടയില്‍ സ്ഥാപിച്ച കണ്ണാടിപ്പാലം, ഗാന്ധിമണ്ഡപം, എന്നിവ ഇവിടത്തെ പ്രധാന ടൂറിസം സങ്കേതങ്ങളാണ്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചു തുടങ്ങി. അവധിദിനമായ ഇന്നലെ കന്യാകുമാരിയില്‍ വന്‍ തിരക്കായിരുന്നു. വിവേകാനന്ദ സ്മാരകത്തിലേക്കുള്ള ബോട്ട് യാത്രയ്ക്കായി രാവിലെ 6 മുതല്‍ സന്ദര്‍ശകരുടെ നീണ്ട നിര ദൃശ്യമായി.
