CrimeNEWS

ഗര്‍ഭിണിയാണെന്ന് മറച്ചുവച്ചു; ആശുപത്രി ചികിത്സ വിലക്കി ഭര്‍ത്താവ്; അസ്മയുടെ 5-ാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം

മലപ്പുറം: വീട്ടില്‍ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍. അസ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് സിറാജുദ്ദീന് താത്പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. അസ്മ ഗര്‍ഭിണിയായിരുന്ന കാര്യം മറച്ചുവെക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആശാപ്രവര്‍ത്തകരോ നാട്ടുകാരോ അറിഞ്ഞാല്‍ ആശുപത്രിയില്‍ പോകേണ്ടി വരുമെന്നതിനാലാണ് വിവരം മറച്ചുവച്ചത്. കഴിഞ്ഞ ജനുവരിയില്‍ ആശാപ്രവര്‍ത്തകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ അസ്മ ഗര്‍ഭിണിയല്ലെന്ന വിവരമാണ് നല്‍കിയതെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

പെരുമ്പാവൂര്‍ അറയ്ക്കപ്പടി സ്വദേശിയാണ് അസ്മ. ആലപ്പുഴ സ്വദേശി ഭര്‍ത്താവ് സിറാജുദ്ദീനും മക്കള്‍ക്കുമൊപ്പം മലപ്പുറം ചക്കിട്ടപ്പാറയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. 35 വയസായിരുന്നു. അസ്മയുടെ ആദ്യ മൂന്ന് പ്രസവങ്ങള്‍ എവിടെ വച്ചാണ് നടത്തിയതെന്നതില്‍ വ്യക്തതയില്ല. നാലാമത്തെ പ്രസവം വീട്ടില്‍ വച്ചാണ് നടത്തിയത്. ഒടുവില്‍ അഞ്ചാമത്തെ പ്രസവവും വീട്ടില്‍ തന്നെ നടത്തിയതിന് പിന്നാലെയായിരുന്നു അസ്മയുടെ മരണം. അക്യുപങ്ചര്‍ ചികിത്സാരീതി പ്രകാരമായിരുന്നു പ്രസവം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു.

Signature-ad

മരണശേഷം അസ്മയുടെ മൃതദേഹവുമായി ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് പോയിരുന്നു. പെരുമ്പാവൂരാണ് അസ്മയുടെ സ്വദേശം. നവജാത ശിശുവിനെയും മറ്റ് നാല് മക്കളെയും കൊണ്ട് പെരുമ്പാവൂരിലെ വീട്ടിലെത്തിയെങ്കിലും വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കി. അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകള്‍ മരിച്ചുവെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അസ്മയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: