
തിരുവനന്തപുരം: തിരുവനന്തപുരം – മധുരൈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമൃത എക്‌സ്പ്രസില്‍ (16343/16344) വരുത്തിയ മാറ്റം കേരളത്തിലെ സാധാരണ യാത്രക്കാരെ ബാധിക്കും. അമൃത എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. ജൂണ്‍ 5 മുതല്‍ കോച്ചുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.
പുതിയ മാറ്റമനുസരിച്ച് എസി ഫസ്റ്റ് ക്ലാസ് , എസി ടു ടയര്‍ കോച്ചുകള്‍ ഒന്ന് വീതവും എസി ത്രീ ടയര്‍ കോച്ചുകള്‍ മൂന്നെണ്ണവും സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ 12 എണ്ണവും ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ നാലെണ്ണവും ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഈ ട്രെയിനില്‍ ഉണ്ടാവുക. ജൂണ്‍ 5 മുതല്‍ മാറ്റം നടപ്പില്‍ വരും. സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് ട്രെയിനുകളില്‍ കൂടുതലും. പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതുകൊണ്ടു തന്നെ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരെയാണ്.

സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്‍ ഒരെണ്ണമാണ് കുറയുക. എന്നാല്‍ ആകെ കോച്ചുകളുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാവില്ല. അണ്‍ റിസര്‍വ്ഡ് ജനറല്‍ കോച്ചുകളുടെ എണ്ണത്തില്‍ ഒരെണ്ണം വര്‍ധിപ്പിക്കും. നേരത്തേ ഒന്ന് വീതം എസി ഫസ്റ്റ് ക്ലാസ്, എസി ടു ടയര്‍ കോച്ചുകളും മൂന്ന് എസി ത്രീ ടയര്‍ കോച്ചുകളും 13 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും ഭിന്ന ശേഷിക്കാര്‍ക്ക് കൂടി ഉപയോഗിക്കാവുന്ന രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമാണ് ഉണ്ടായിരുന്നത്.