അവിടം ഭൂമിയിലെ നരകം; ഹമാസിന്റെ തടവിലായ ഇസ്രയേല്‍ യുവതികളെല്ലാം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ആണുങ്ങള്‍ക്കു മര്‍ദനമേറ്റ് ഭ്രാന്തിന്റെ വക്കിലായി; ചോര മരവിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ബന്ദികള്‍

ടെല്‍അവീവ്: പതിനഞ്ചു മാസം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന യാര്‍ഡന്‍ ബിബാസ് അടുത്തിടെ പൊതുവായ പ്രസ്താവന നടത്തി. ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അഭ്യര്‍ഥന. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനൊപ്പം തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇടുന്ന ഓരോ ബോംബും ഹമാസിന്റെ തടവിലുള്ളവരുടെ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്ന് അദ്ദേഹം പറയുന്നത്. ഗാസയിലെ ടണലുകളില്‍ തടവുകാരനായി പീഡനമേറ്റുവാങ്ങേണ്ടി വന്നതിന്റെ കഥകളും അദ്ദേഹം പുറത്തു പറഞ്ഞിരുന്നു.
ഇപ്പോള്‍ സിഎസ്ബി ന്യൂസിന്റെ 60 മിനുട്ട് ഓവര്‍ടൈം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു വിട്ടയയ്ക്കപ്പെട്ട മറ്റു മുന്‍ ഹമാസ് തടവുകാര്‍ക്കൊപ്പം പ്രതികരിക്കുമ്പോഴാണ് തീവ്രവാദികളുടെ തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞത്. അടുത്തിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഒരാളാണ് യാര്‍ഡന്‍.

ഹമാസ് തടവുകാര്‍ക്കു ചോര മരവിപ്പിക്കുന്ന ക്രൂരതകളാണു കാണേണ്ടിവരുന്നതെന്നും ഇവരെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്നും ഇദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. യാര്‍ഡനും ഭാര്യ സിരിയും നാലും ഒമ്പതും വയസുള്ള രണ്ട് ആണ്‍മക്കളുമാണ് ഒക്‌ടോബര്‍ ഏഴിനു ഹമാസിന്റെ തടങ്കലിലായത്. അന്നു ഹമാസ് വലിച്ചിഴച്ചു കൊണ്ടുപോയ 251 പേരില്‍ നാലുപേര്‍.
തടവിലായിരിക്കുമ്പോള്‍ പുറത്തുവന്ന ഹമാസിന്റെ വീഡിയോയില്‍ ഇസ്രായേല്‍ ബോംബിംഗിലാണു തന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതെന്നു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഫോറന്‍സിക് തെളിവുകളടക്കം പുറത്തുവിട്ട് ഹമാസ് തീവ്രവാദികളാണു ഭാര്യയെയും മക്കളെയും കൊന്നതെന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യം തന്നെയാണു പുറത്തുവന്ന യാര്‍ഡനും ചൂണ്ടിക്കാട്ടുന്നത്. ഹമാസ് അവരെ ക്രൂരമായാണു കൊലപ്പെടുത്തിയത്. ഇതേക്കുറിച്ച് ഹമാസ് പിന്നീടു തന്നോട് പറഞ്ഞത് ഇങ്ങനെയാണ് – ‘ഓ.. അതിലൊന്നും വലിയ കാര്യമില്ല. താങ്കള്‍ക്കു പുതിയ ഭാര്യയെയും അവരില്‍ കുട്ടികളുമുണ്ടാകും. മികച്ച ഭാര്യയും മികച്ച മക്കളും’. അത്രയും നിസംഗതയോടെയാണ് അവര്‍ ക്രൂരമായ കൊലപാതകങ്ങളെ വിലയിരുത്തുന്നതെന്നും യാര്‍ഡന്‍ പറയുന്നു.
യാര്‍ഡന്റെ മോചനത്തിനു പിന്നാലെ ഹമാസ് തന്നെയാണു ഭാര്യയുടെയും കുട്ടികളുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുത്തതും. അതുവരെ ഹമാസ് പറഞ്ഞതെല്ലാം നുണയായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു അത്. യുദ്ധം നിര്‍ത്തുകയല്ലാതെ ബന്ദികളെ മോചിപ്പിക്കാന്‍ മാര്‍ഗമില്ലെന്നും യുദ്ധം തുടരുന്നിടത്തോളം കാലം അവരുടെ നരക യാതനകള്‍ തുടരുമെന്നും ട്രംപ് ഇടപെടണമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് ഡേവിഡ് കുയിനോയും സഹോദരനും ഏരിയലും ഇപ്പോഴും തടവിലാണ്. കുയിനോയുടെ ഭാര്യയെയും മക്കളെയും നവംബറിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു.
കീത്തും അവിവ സീഗലും
യാര്‍ഡനൊപ്പം ഹമാസ് മോചിപ്പിച്ചവരില്‍ ഇസ്രയേലി അമേരിക്കനായ കീത്ത സീഗലും ഭാര്യ അവിവയുമുണ്ട്. ഗാസയ്ക്കു സമീപമുള്ള കിബുറ്റ്‌സ് കാഫര്‍ അസയില്‍ കഴിയുമ്പോഴാണ് ഹമാസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഗാസയിലേക്കു വലിച്ചിഴച്ച ഇവരെ പിന്നെ ടണലുകളില്‍ തള്ളുകയായിരുന്നു. അവിവയെ നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണു പാര്‍പ്പിച്ചത്. അവിടം ഭൂമിയിലെ ഏറ്റവും വലിയ നരകമായിരുന്നെന്നാണ് അവിവ ഓര്‍മിക്കുന്നത്.
‘യുവതികളെ നിരന്തരം പീഡിപ്പിക്കുന്ന ഹമാസിനെയാണ് അവിടെ കണ്ടത്. ടോര്‍ച്ചര്‍ എന്നുതന്നെയാണ് അതിനെ പറയേണ്ടത്. എല്ലാവരും നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. മറ്റു തടവുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇതെല്ലാം- അവിവ പറഞ്ഞു.
ഭാര്യയുടെ മോചനത്തിനുപിന്നാലെ തനിക്കും നരകമായിരുന്നെന്നു കീത്ത് പറഞ്ഞു. അങ്ങേയറ്റം ക്രൂരതയോടെയാണു തീവ്രവാദികള്‍ പെരുമാറിയത്. ക്രൂരമായ മര്‍ദനത്തിന് ഇരയായി. ആഴ്ചകളോളം പട്ടിണിക്കിട്ടു. ഹമാസ് പലപ്പോഴും അവര്‍ക്കു മുന്നിലിരുന്നാണു ഭക്ഷണം കഴിച്ചത്. മാസത്തിലൊരിക്കല്‍ അര ബക്കറ്റ് വെള്ളമാണു ശരീരം വൃത്തിയാക്കാന്‍ ലഭിച്ചത്. ഭ്രാന്ത് പിടിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു തനിക്കിപ്പോഴും അത്ഭുതമാണെന്നും അദ്ദേഹം പറയുന്നു. തന്റെ അയല്‍ക്കാരായ ഗാലി ആന്‍സിന്റെയും സിവി ബെര്‍മാന്റെയും സ്ഥിതിയോര്‍ത്ത് ഇപ്പോഴും ആശങ്കയുണ്ട്. ഇസ്രയേല്‍ തടവുകാരെ തിരികെയെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നു കീത്തും പറയുന്നു.
ഇപ്പോഴും 24 ഇസ്രയേലികള്‍ ഹമാസ് തടവില്‍ ജീവനോടെയുണ്ടെന്നാണു കരുതുന്നത്. നോവ മ്യൂസിക് ഫെസ്റ്റിവലില്‍നിന്ന് ഹമാസ് പിടികൂടിയ ഗില്‍ബോ ദലാലും ഡേവിഡും ഇതിലുണ്ട്. 471 ദിവസത്തെ തടവിനുശേഷം മോചിപ്പിക്കപ്പെട്ട ടാല്‍ ഷോഹം ഇരുവരുടെയും മാതാപിതാക്കളെ വീട്ടിലെത്തി കണ്ടിരുന്നു. നോവയിലെ ആഘോഷത്തിനിടയില്‍നിന്ന് ഇരുവരും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെ ഏറ്റുവും വലിയ നരകത്തിലാണ് എത്തിയത്. ആദ്യം അവര്‍ പൊട്ടക്കരയുകയായിരുന്നു. ഇപ്പോഴവര്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടെന്നും ഷോഹം അഭിമുഖത്തില്‍ പറയുന്നു.
ഇടുങ്ങിയ ടണലിലായിരുന്നു താമസം. എന്നും ക്രൂരമായി മര്‍ദിക്കും. ബ്രെഡിന്റെ കഷണവും വെള്ളവുമാണ് മിക്കപ്പോഴും ഭക്ഷണം. വെ്‌ളളത്തിനു പലപ്പോഴും ചോരയുടെ ഗന്ധമുണ്ടാകും. പക്ഷേ ജീവന്‍ നിലനിര്‍ത്താന്‍ അതുപയോഗിക്കുക മാത്രമായിരുന്നു മാര്‍ഗമെന്നും ഷോഹം പറയുന്നു.