Breaking NewsKeralaLead NewsNEWS

പിഴ ചുമത്തിയത് എം.ജി. ശ്രീകുമാറിനെ മോശക്കാരനാക്കാന്‍ അല്ല; ഗൗരവം ബോധ്യപ്പെടുത്താന്‍; പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനയെ അനുവദിക്കുന്നില്ല; ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് സെക്യൂരിറ്റി; നിയമം എല്ലാവര്‍ക്കും ബാധകം: മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ്

കൊച്ചി: എം.ജി.ശ്രീകുമാറിനെ പോലൊരാളെ മോശക്കാരനാക്കുക എന്നതല്ല മറിച്ച് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുക എന്നതായിരുന്നു മുളവുകാട് പഞ്ചായത്തിന്റെ ഉദ്ദേശ്യമെന്ന് പ്രസിഡന്റ് വി.എസ്.അക്ബര്‍. മാലിന്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗായകന്‍ എം.ജി.ശ്രീകുമാര്‍ പിഴയൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.”അദ്ദേഹത്തെ പോലുള്ളവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരാണ്. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുത് എന്ന കാര്യമൊക്കെ വീട്ടുകാര്‍ക്കും ജോലിക്കാര്‍ക്കുമൊക്കെ അവര്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. അത് കര്‍ശനമായി തന്നെ പറയേണ്ട കാര്യമാണ്.” വി.എസ്.അക്ബര്‍ പറഞ്ഞു.

മാര്‍ച്ച് 31ന് എം.ജി.ശ്രീകുമാറിന്റെ ഒരു സഹായി എത്തിയാണ് പിഴ അടച്ചതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അക്ബര്‍ പറഞ്ഞത്. ഇതിന് 2 ദിവസം മുമ്പാണ് വിഷയം പഞ്ചായത്തിന്റെ മുമ്പാകെ എത്തിയത്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പഞ്ചായത്ത് ഉദ്യോഗസ്ഥരെ അവിടേക്ക് വിട്ടു പരിശോധന നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ”അവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. ഈ സംഭവം നടക്കുമ്പോള്‍ എം.ജി.ശ്രീകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്നും മനസിലായി. തുടര്‍ന്ന് 25,000 രൂപ പിഴ എഴുതി കൊടുക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു.

Signature-ad

എം.ജി.ശ്രീകുമാറിന്റെ വീട്ടില്‍ നിന്ന് ഹരിത കര്‍മസേനയ്ക്ക് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ സാധിക്കുന്നില്ലെന്നും അക്ബര്‍ വ്യക്തമാക്കി. കര്‍മസേന അംഗങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ആളില്ല എന്നു പറഞ്ഞ് സെക്യൂരിറ്റി അകത്തേക്ക് പ്രവേശിപ്പിക്കില്ല. അല്ലെങ്കില്‍ ഇവിടെ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല, ഇവിടെ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞു വിടാറാണ് പതിവ്. എന്നാല്‍ സര്‍ക്കാര്‍ നിയമം അനുസരിച്ച് ഇക്കാര്യം പഞ്ചായത്തിന് ബോധ്യപ്പെടണം.

വീടിന് നമ്പര്‍ ഇട്ടിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതിദരിദ്രരായ ആളുകളെ മാത്രമാണ് ഇത്തരത്തില്‍ കര്‍മ സേനയ്ക്ക് 50 രൂപ ഫീസ് നല്‍കുന്നതില്‍നിന്നു ഒഴിവാക്കിയിട്ടുള്ളത്. അവരുടേതു പഞ്ചായത്താണ് അടയ്ക്കുന്നത്. ബാക്കി എല്ലാ വീടുകള്‍ക്കും ഈ നിയമം ബാധകമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വീടിന്റെ മുറ്റത്തുള്ള മാവില്‍ നിന്നു വീണ മാമ്പഴമാണ് ജോലിക്കാരി പൊതിഞ്ഞ് എറിഞ്ഞു കളഞ്ഞതെന്ന് എം.ജി.ശ്രീകുമാര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് തെറ്റു തന്നെയാണെന്നും അത് ബോധ്യപ്പെട്ടതു കൊണ്ടാണ് എതിര്‍പ്പൊന്നും പറയാതെ പിഴ അടച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മാമ്പഴമാണെങ്കിലും അത് ഈ വിധത്തില്‍ എറിയാന്‍ പാടില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

”മറ്റ് എതിര്‍പ്പുകളൊന്നും കാണിക്കാത്തതു കൊണ്ടാണ് പിഴ 25,000 രൂപയില്‍ ഒതുക്കിയത്. ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനാണ് തീരുമാനം. എല്ലാ പഞ്ചായത്തുകളും ഇതേ മാതൃകയില്‍ പ്രവര്‍ത്തിക്കണം. മുളവുകാടിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. അതുകൊണ്ടു തന്നെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാവും.

അടുത്തിടെ വല്ലാര്‍പാടം പള്ളിയുടെ ഗ്രൗണ്ടില്‍ സൗത്തില്‍ നിന്നുള്ള മാലിന്യം കൊണ്ടു തള്ളിയിരുന്നു. ഞങ്ങള്‍ ആ മാലിന്യം മുഴുവന്‍ ചികഞ്ഞ് ബില്ല് കണ്ടെത്തി ഇതിന് ഉത്തരവാദികളായവരെ വിളിച്ചു വരുത്തി മാലിന്യം തിരികെ കയറ്റി വിടുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. കണ്ടെയ്‌നര്‍ റോഡില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെയും സമാനമായ വിധത്തില്‍ നടപടി എടുത്തു.” അക്ബര്‍ പറഞ്ഞു.

വീട്ടില്‍നിന്ന് കായലിലേക്ക് എന്തോ എറിഞ്ഞു കളയുന്ന ആറു മാസം മുമ്പ് പകര്‍ത്തിയ ദൃശ്യമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. വിനോദസഞ്ചാരത്തിന് എത്തിയ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി നസീം എന്‍.പിയാണ് എം.ജി.ശ്രീകുമാറിന്റെ വീട് എന്ന് ബോട്ടിലെ ആളുകള്‍ പരിചയപ്പെടുത്തിയപ്പോള്‍ വീഡിയോ എടുത്തത്. ഈ സമയത്തായിരുന്നു മാലിന്യം കായിലിലേക്ക് വീണതും. പിന്നീട് തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമുണ്ടെന്ന് വ്യക്തമാക്കി നമ്പര്‍ പുറത്തിറക്കിയപ്പോള്‍ നസീം തന്റെ കൈവശമുണ്ടായിരുന്ന വിഡിയോ മന്ത്രിയെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശത്തിനു പിന്നാലെ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: