
മലപ്പുറം: ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തതിന് ഇരട്ട സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയ്ക്കല്‍ നിറപറമ്പ് സ്വദേശികളായ സിയാദ് (19), സിനാന്‍ (19), ഹുഹാദ് സെനിന്‍ (22) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെ ചങ്കുവെട്ടിയിലാണു സംഭവം. പൊന്‍കുന്നത്തുനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന ബസിനു കുറുകെ ഇവര്‍ കാര്‍ നിര്‍ത്തി. ഡ്രൈവറുടെ കണ്ണുകള്‍ ചുവന്നു കലങ്ങിയതിനാല്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു യുവാക്കളുടെ വാദം. സ്ഥലത്തെത്തിയ പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ, ഡ്രൈവറെ ബലമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞതോടെയാണു കെഎസ്ആര്‍ടിസി ബസ് തടഞ്ഞതിനും ഡ്രൈവറുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു മൂവരെയും അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണു യുവാക്കള്‍ സദാചാര പൊലീസ് ചമഞ്ഞതെന്നു പറയുന്നു. സമാനസംഭവം കഴിഞ്ഞമാസം കോഴിക്കോട് നടന്നിരുന്നു.