കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?

ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്.
1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം.

2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ്
മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഇക്കുറിയും മുംബൈ ഇന്ത്യന്‍സില്‍ തുടര്‍ന്നെങ്കിലും സ്വന്തമാക്കി നിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് പൊടിച്ചത് 16.30 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു സീസണുകളിലും ടീമിനൊപ്പം നിന്ന രോഹിത് പക്ഷേ, ടീമിനെ നിരാശപ്പെടുത്തിയാണ് ഓരോ കളികളും അവസാനിപ്പിക്കുന്നത്. മൂന്നു മത്സരങ്ങള്‍ കളിച്ചപ്പോള്‍ രോഹിതിന്റെ പെട്ടിയില്‍ വീണതു കേവലം 21 റണ്‍സ്. ആവറേജ് സ്‌കോര്‍ 7.00 മാത്രം.
3. അഭിഷേക് ശര്‍മ- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
എക്കാലത്തും ആക്രമണോത്സുക കളിയുടെ വക്താവായാണ് അഭിഷേക് ശര്‍മ അറിയപ്പെട്ടത്. കഴിഞ്ഞ സീസണില്‍ തകര്‍ത്തുവാരിയ അഭിഷേകിനെ ഇക്കുറി കൊല്‍ക്കത്ത സ്വന്തമാക്കിയത് 14 കോടി രൂപയ്ക്ക്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിന്റെ തീപ്പൊരിയാണെങ്കില്‍ ഇക്കുറി ജഴ്‌സി മാറിയതോടെ അല്‍പം പരുങ്ങലിലാണു കാര്യങ്ങള്‍. മൂന്നു കളികള്‍ പിന്നിടുമ്പോള്‍ ആവറേജ് 10.33 റണ്‍സുമായി ആകെയെടുത്തത് 31 റണ്‍സാണ്.
4. വെങ്കിടേഷ് അയ്യര്‍- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഇടങ്കൈ പ്രകടനത്തിലൂടെ കഴിഞ്ഞ സീസണില്‍ വെടിക്കെട്ടു തീര്‍ത്ത വെങ്കിടേഷ് അയ്യര്‍ മികച്ച തുടക്കമാണ് കഴിഞ്ഞ സീസണില്‍ നല്‍കിയത്. കഴിഞ്ഞ ഐപിഎല്‍ വിജയത്തില്‍ കൊല്‍ക്കത്തയ്ക്കു നെടുംതൂണായത് അയ്യരായിരുന്നു. ആകെ 370 റണ്‍സും താരം വാരിക്കൂട്ടി. ഇക്കുറി ടീമില്‍ നിലനിര്‍ത്താന്‍ 23.7 കോടിയാണു ടീം മുടക്കിയതെങ്കില്‍ മൂന്നു കളികളില്‍നിന്ന് ഒമ്പതു റണ്‍സ് മാത്രമാണു നേടാന്‍ കഴിഞ്ഞത്. ആവറേജ്-4.50 റണ്‍സ് മാത്രം.
5. റിങ്കു സിംഗ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
2023ലെ ഐപിഎല്ലില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിച്ചാണ് ആരാധകരുടെ നെഞ്ചില്‍ റിങ്കു ഇടംനേടിയത്. അന്നുമുതല്‍ വിവിധ ടീമുകളുടെ നോട്ടപ്പുള്ളയാണ്. എന്നല്‍, ഇക്കുറി താളം കണ്ടെത്താന്‍ കഴിയാതെ വിയര്‍ക്കുകയാണു താരം. റിങ്കുവിന്റെ മോശം ഫോമാണു കൊല്‍ക്കത്തയുടെ ഏറ്റവും വലിയ ആശങ്ക. മൂന്നു മാച്ചുകള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ നിലയില്‍ താഴെയാണു റിങ്കു. താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ 13 കോടി മുടക്കിയെങ്കില്‍ ആകെ നേടിയത് 29 റണ്‍സ് മാത്രം.
6. യശ്വന്ത് ജെയ്‌സ്വാള്‍- രാജസ്ഥാന്‍ റോയല്‍സ്
ഇടങ്കൈ പ്രകടനത്തിലൂടെ ടീമിനു സുസ്ഥിരമായ അടിത്തറ എല്ലാ സീസണുകളിലും നല്‍കിയ യശ്വന്ത്, അതിമനോഹരമായ സ്‌ട്രോക്കുകളിലൂടെയാണു ടീമില്‍ ഇടം പിടിച്ചത്. വിശ്വസിക്കാവുന്ന ഓപ്പണര്‍ എന്നനിലയിലാണ് ഇക്കുറിയും യശ്വന്ത് ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍, ഈ സീസണിലെ മോശം പ്രകടനം ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. മൂന്നു മാച്ചുകളില്‍ ഒന്ന്, 29, നാല് എന്നിങ്ങനെയാണു സ്‌കോര്‍. 18 കോടിയാണു യശ്വന്തിനായി ടീം മുടക്കിയത്.
7. എം.എസ്. ധോണി- ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ എക്കാലത്തെയും മുഖമാണു ധോണി. തീപ്പൊരി സ്റ്റംപിംഗിലൂടെ ഇക്കുറിയും ഐപിഎല്‍ വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷം രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാതിരിക്കുന്നതിന്റെ എല്ലാ ക്ഷീണവും ധോണിക്കുണ്ട്. 43 വയസെത്തിയെങ്കിലും ഫാന്‍സിന്റെ സൂപ്പര്‍ താരമാണെങ്കിലും ഫോം കണ്ടെത്താന്‍ കഴിയാത്തതും ടീമിന്റെ ആകെ തന്ത്രത്തിലെ പിഴവും തലയുടെ തലയെടുപ്പിനു മങ്ങലേല്‍പ്പിച്ചു. നാലു കോടി മുടക്കിയാണ് ധോണിയെ ടീമില്‍ നിലനിര്‍ത്തിയതെങ്കില്‍ മൂന്നു കളിയില്‍നിന്ന് 46 റണ്‍സ് മാത്രമാണു നേടിയത്.