സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലെന്നും സിനിമ വിവാദമാക്കിയത് പിണറായി വിജയനും കോണ്‍ഗ്രസുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തില്‍ താന്‍ എന്തിനു സിനിമ കാണണമെന്നു ചോദിച്ച രാജീവ്, എല്ലാവര്‍ക്കും സന്തോഷകരമായ സാഹചര്യത്തില്‍ സിനിമ വരുമ്പോള്‍ കാണുമെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എമ്പുരാനുമായി ബന്ധപ്പെട്ടു പിണറായി വിജയന്‍ കൊണ്ടുവന്ന നരേഷനാണ് ഇപ്പോഴുള്ളത്. അത് താനെന്തിന് ഏറ്റുപിടിക്കണം? മോഹന്‍ ലാലിന്റെ ആരാധകനെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എമ്പുരാന്‍ നിരവധിപ്പേര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇഷ്ടമായ ഒരാളാണു പിണറായി.

സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്കു വിമര്‍ശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്റെയും പാര്‍ട്ടി ഘടകത്തിന്റെയും അഭിപ്രായവും ഇതാണ്. ചിത്രത്തിന്റെ റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സെന്‍സറിംഗ് വിവരമറിഞ്ഞത്. മോഹന്‍ലാലും ഇക്കാര്യം പങ്കുവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും സിനിമയ്ക്കു കൂടുതല്‍ പ്രചാരണം കിട്ടാനുള്ള നീക്കമാകാം ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സിനിമയെ സിനിമയായി കാണണമെന്നാണ് അഭിപ്രായം. അതൊരിക്കലും ചരിത്രമല്ല. ചരിത്രത്തിനു തെറ്റായ വ്യാഖ്യാനം നല്‍കിയാല്‍ അതു ജനം ചോദ്യം ചെയ്യും. വിമര്‍ശനങ്ങളുണ്ടാകാം. ബിജെപി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും രാജീവ് പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ പോഡ്കാസ്റ്റ് ബുധനാഴ്ച പുറത്തുവിടും.