എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്.
ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെത്തുടര്‍ന്നുള്ള ഒഴിവു നികത്തിയിട്ടില്ല. അപ്പോള്‍ കേരളത്തില്‍നിന്ന് 3 പേര്‍ പുതുതായി കേന്ദ്രകമ്മിറ്റിയില്‍ വരും. എല്‍ഡിഎഫ് കണ്‍വീനറായതിനാല്‍ ടി.പി.രാമകൃഷ്ണനും സാധ്യതയുണ്ട്. അദ്ദേഹവും 75 വയസിന് അടുത്തെത്തി.
സംസ്ഥാന സെക്രട്ടേറിയറ്റിലുള്ള മന്ത്രിമാരില്‍ പി.എ.മുഹമ്മദ് റിയാസും വി.എന്‍.വാസവനും പരിഗണിക്കപ്പെട്ടേക്കാം. ഇരുവരും കഴിഞ്ഞ എറണാകുളം സമ്മേളനത്തിലാണ് സെക്രട്ടേറിയറ്റ് അംഗങ്ങളായത്. മന്ത്രി എം.ബി.രാജേഷിന്റെയും പി.ജയരാജന്റെയും പേരുകള്‍ ചര്‍ച്ചകളിലുണ്ടെങ്കിലും സാധാരണഗതിയില്‍ സെക്രട്ടേറിയറ്റില്‍ വന്ന ശേഷമാണു പുരുഷ നേതാക്കളെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുള്ളത്. എന്നാല്‍, വനിതാ നേതാക്കളെ നേരെ കേന്ദ്രകമ്മിറ്റിയിലേക്കു പരിഗണിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീമതിക്കു പകരം ജെ.മേഴ്‌സിക്കുട്ടിയമ്മയോ ടി.എന്‍.സീമയോ കേന്ദ്രകമ്മിറ്റിയിലേക്കു വരാനാണു സാധ്യത.