
‘മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ല’ എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായം ഇന്ത്യൻ ജുഡീഷറിക്കാകെ അവമതിപ്പ് ഉണ്ടാക്കി. ഈ ഉത്തരവിനെതിരെ സ്വമേധയ കേസെടുത്ത സുപ്രീം കോടതി ആ വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസം ഹർജി എത്തിയിരുന്നെങ്കിലും പരിഗണിക്കാതെ തള്ളിയിരുന്നു.
കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. അതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

2025 മാർച്ച് 17നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
അലഹബാദ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി റാം മനോഹർ നാരായൺ മിശ്രയാണ് ഈ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 1985ൽ നിയമത്തിൽ ബിരുദവും 1987ൽ ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം 1990ൽ മുൻസിഫായി ചുമതലയേറ്റു. 2005ൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 2019ൽ ബാഗ്പട് ജില്ലാ സെഷൻസ് ജഡ്ജിയായി നിയമിതനായി. ഇതേ കാലത്ത് ജുഡീഷ്യൽ ട്രെയിനിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായും ചുമതല വഹിച്ചു. 2022 ഓഗസ്റ്റ് 15ന് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ഉയർത്തപ്പെട്ടു. 2023 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു.
2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസിലെ 2 പ്രതികളുടെ പേരിൽ പോക്സോ കുറ്റം ചുമത്തിയിരുന്നു. ഈ കേസിൽ വിചാരണാ കോടതി വിധിച്ച ശിക്ഷക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ, മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗമല്ലെന്ന് വിധിന്യായത്തിൽ എഴുതി വെച്ചത്.
ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരം മോശം വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. ഭാര്യയെ അതിക്രൂരമായ ബലാൽസംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയനാക്കിയ പ്രതി സൻജീവ് ഗുപ്തയുടെ കേസിൻ്റെ വിധിന്യായത്തിൽ പറഞ്ഞ നിരീക്ഷണങ്ങൾ ഇപ്പോഴത്തേതിലും ക്രൂരമായിരുന്നു. 18ന് മുകളിൽ പ്രായമുള്ള ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ബലാൽസംഗത്തിൻ്റെ പരിധിയിൽ വരില്ല, ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ല, എന്നിങ്ങനെ ആയിരുന്നു അന്നത്തെ പരാമര്‍ശങ്ങൾ.