
ജറുസലേം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായി യുദ്ധം തുടങ്ങിയശേഷം ഹമാസിനെതിരെ സ്വന്തം ശക്തികേന്ദ്രത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണ് ചൊവ്വാഴ്ചയുണ്ടായത്. മുഖംമൂടി ധരിച്ച ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ ബലമായി പിടിച്ചുമാറ്റിയതായും അവര്‍ ഉയര്‍ത്തിയ ബാനറുകളും മാറ്റും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തതായും ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധത്തിനെതിരെ ഇസ്രയേലില്‍ നേരത്തെ തന്നെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ടെല്‍ അവീവിലടക്കം നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസും സ്വന്തം തട്ടകത്തില്‍ പ്രതിഷേധം നേരിടുന്നത്.

വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയയിലെ തെരുവുകളിലാണ് പ്രതിഷേധങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ‘പുറത്തുപോകൂ, പുറത്തുകടക്കൂ,ഹമാസ് പുറത്തുകടക്കൂ,യുദ്ധം അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ‘ഞങ്ങള്‍ക്ക് സമാധാനം വേണമെന്നും, ഭക്ഷണം കഴിക്കണമെന്നും’ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാരെ രാജ്യദ്രോഹികളെന്നാണ് ഹമാസ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. അതേസമയം പ്രതിഷേധത്തോട് ഹമാസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തങ്ങള്‍ക്കു നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെ ബെയ്റ്റ് ലാഹിയയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു. ഇത് പ്രദേശത്ത് പൊതുജന രോഷത്തിന് കാരണമാകുകയും ചെയ്തു. ഹമാസ് മനഃപൂര്‍വ്വം ഇസ്രയേലിനെ പ്രകോപിപ്പിക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ ഒരാഴ്ച മുമ്പ് ഇസ്രായേല്‍ സൈനിക നടപടി പുനരാരംഭിച്ചിരുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നൂറുകണിക്ക് പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആയിരകണക്കിന് ആളുകള്‍ക്ക് വീടുവിട്ട് പാലായനം ചെയ്യേണ്ടിയും വന്നിരുന്നു.